അപകടങ്ങൾ കുറയ്ക്കാന്‍ ദുബായിൽ ബസുകളിൽ സ്മാർട്ട് പരിശോധന

ദുബായിൽ ബസുകളുടെ അപകടങ്ങൾ നിയന്ത്രിക്കാൻ സ്മാർട്ട് പരിശോധനാ സംവിധാനം കൊണ്ടുവരുമെന്ന് ആർ.ടി.എ. കഴിഞ്ഞ വർഷം ബസുകൾ ഉണ്ടാക്കിയ അപകടത്തിൽ 25 പേർ മരിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. 

ഓരോ ബസിന്‍റെയും വലുപ്പം അനുസരിച്ചുള്ള സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളാണ് കൊണ്ടുവരിക. ബസുകളുടെ സഞ്ചാര പാതയിലെ ചിത്രവും ചലനവും സമീപത്തുള്ള പരിശോധനാ ഉദ്യോഗസ്ഥന്‍റെ സ്മാര്‍ട്ട് സ്ക്രീനിൽ തെളിയും. വാഹനത്തിന് അകത്തോ പുറത്തോ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ഡ്രൈവറെ അറിയിച്ച് മുൻകൂട്ടി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. മയക്കമോ ആലസ്യമോ ഉണ്ടെന്ന് വ്യക്തമായാൽ ഡ്രൈവറെ മാറ്റി ഉടന്‍ പകരക്കാരനെ നിയമിക്കും. സർവീസ് മുടങ്ങാതെയാണ് ഇക്കാര്യങ്ങൾ ക്രമീകരിക്കുക. അമിതവേഗം, പൊടുന്നനെയുള്ള ലെയ്ൻ മാറല്‍ തുടങ്ങി ഓരോ ചലനവും നിരീക്ഷിച്ച് നിര്‍ദേശം നല്കിക്കൊണ്ടിരിക്കും. 

വഴിയിൽ നിന്നും ശ്രദ്ധ തെറ്റിക്കുന്ന ഡ്രൈവറുടെ നീക്കങ്ങള്‍ നിയന്ത്രിക്കാൻ ഇതുകൊണ്ടാകുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പൊതുഗതാഗത മേഖലയില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പാതകൾ, ഡ്രൈവർമാരുടെ പെരുമാറ്റങ്ങൾ എന്നിവയും നിരീക്ഷണ വിധേയമാക്കും. ഒരു വർഷം കൊണ്ട് ദുബായിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകളും സ്മാർട്ട് നിരീക്ഷണ പരിധിയിലാക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.