എടാ മോനെ..., ‘ഫാഫ’ അഴിഞ്ഞാട്ടം; ‘ആവേശം’ ആദ്യ പ്രതികരണം

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന് വന്‍വരവേല്‍പ്പ് നല്‍കി ആരാധകര്‍.  ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാനായതെന്നാണ് പ്രേക്ഷക അഭിപ്രായം . രങ്കണ്ണന്‍റെ വരവ്  മാസാണെന്നും ചിത്രം കളക്ഷന്‍ റെക്കോഡ് മാറ്റിമറിക്കുമെന്നും ആരാധകര്‍ പറയുന്നു.

ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.