നാവികരെ മോചിപ്പിക്കാന്‍ ഷാരൂഖ് ഇടപെട്ടില്ല; ടീം എസ്ആര്‍കെ

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാവികരെ മോചിപ്പിക്കാന്‍ ഷാരൂഖ് ഖാന്‍ ഇടപെട്ടെന്ന സുബ്രഹ്മണ്യം സ്വാമിയുടെ വാദം തളളി ടീം എസ്ആര്‍കെ. ഷാറുഖ് ഖാന്റെ മാനേജർ പൂജ ദാദൽനിയാണ് ഇൻസ്റ്റഗ്രാമിലൂടെ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.  മുന്‍ നാവികരെ മോചിപ്പിച്ച വിഷയത്തില്‍ താരം ഇടപെട്ടില്ലെന്നും നയതന്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യയുടെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണെന്നും മാനേജര്‍ വ്യക്തമാക്കുന്നു. നാവികര്‍ തിരിച്ചെത്തിയതില്‍ മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ ഷാരൂഖ് ഖാനും അതിയായ സന്തോഷമുണ്ടെന്നും അവര്‍ക്കെല്ലാ ആശംസകളും നേരുന്നതായും മാനേജര്‍ കുറിപ്പില്‍ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഖത്തര്‍,യുഎഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എക്സില്‍ പങ്കുവെച്ച പോസ്റ്റ് കൂടി ചേര്‍ത്തായിരുന്നു സ്വാമിയുടെ വാദം. നാവികരുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കിംഗ് ഖാന്റെ സഹായം തേടിയെന്നും ഷാരൂഖിന്റെ ഇടപെടലോടെയാണ് ഖത്തര്‍ ഷെയ്കക്കുമാരെ സമരസപ്പെടുത്താന്‍ സാധിച്ചതെന്നുമായിരുന്നു സ്വാമി പറഞ്ഞത്.  പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഖാനെയും കൂടെ കൂട്ടണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ എസ്ആര്‍കെയുടെ മാനേജര്‍ തന്നെ വ്യക്തത വരുത്തിയത്. 

Sharukh Khan team denies intervention in the release of Indian naval officers from Qatar