ബോളിവുഡിലെ 'ബോൾഡ്' സിനിമകളുടെ രാജാവായിരുന്ന മഹേഷ് ഭട്ട് കരിയറിൽ ഉയരങ്ങൾ താണ്ടുന്ന കാലത്ത് തികഞ്ഞ മദ്യപാനി കൂടിയായിരുന്നു. മദ്യത്തിനടിപ്പെട്ട് ഭട്ട് നശിച്ചുപോകുമെന്ന് പലരും ഉറപ്പിച്ചതാണ്. മഹേഷിൻ്റെ മകൾ പൂജ ഭട്ടിന്‍റെ ആദ്യസിനിമ 'ഡാഡി' മദ്യപാനിയായ പിതാവിനെ ദുശീലത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്ന മകളുടെ കഥയായിരുന്നു. 'ഡാഡി'യുടെ മുപ്പത്തഞ്ചാം വാർഷികത്തിൽ നൽകിയ അഭിമുഖത്തിലാണ് മദ്യത്തിൽ നിന്ന് മുക്തി നേടിയ കഥ മഹേഷ് ഭട്ട് വെളിപ്പെടുത്തിയത്. 

 

മറ്റുപല മഹേഷ് ഭട്ട് സിനിമകളെപ്പോലെ സ്വന്തം ജീവിതത്തിലെ അനുഭവം തന്നെയായിരുന്നു 'ഡാഡി'.  അന്ന് മഹേഷിന്‍റെ ഭാര്യ സോണി ഇളയ മകൾ ഷഹീനെ ഗർഭം ധരിച്ച സമയമാണ്. കുടിനിർത്താൻ സോണി പലവട്ടം ആവശ്യപ്പെട്ടു. ഒരു പ്രയോജനവും ഉണ്ടായില്ല. ഒടുവിൽ പ്രസവം കഴിഞ്ഞ് സോണി ഷഹീനുമായി ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി. ഒരുദിവസം നന്നായി മദ്യപിച്ചിരുന്ന മഹേഷ് കുഞ്ഞിനെ എടുത്തു. കവിളിൽ ഉമ്മവയ്ക്കാൻ നോക്കി. എന്നാൽ കുഞ്ഞ് മുഖം തിരിച്ചു. വീണ്ടും ശ്രമിച്ചെങ്കിലും ഷഹീൻ മുഖം കൊടുത്തില്ല. ആ നിമിഷം മദ്യപാനം നിർത്താൻ തീരുമാനിച്ചുവന്ന് മഹേഷ് ഭട്ട് അഭിമുഖത്തിൽ പറഞ്ഞു. 

 

മഹേഷ് ഭട്ട് കുടി നിർത്തിയെന്ന് വിശ്വസിക്കാൻ ഒപ്പമുള്ളവർ പോലും തയാറായില്ല. എന്നാൽ അത് സത്യമായിരുന്നു. മരുന്നിന്‍റെയോ ഡോക്ടറുടെയോ സഹായമില്ലാതെയാണ് താൻ മദ്യപാനം നിർത്തിയതെന്ന് മഹേഷ് പറഞ്ഞു. 'ഡാഡി'യുടെ കഥ പിറന്നതും അവിടെയായിരുന്നു. 17 വയസുണ്ടായിരുന്ന പൂജ ഭട്ടിനോട് 'ഡാഡി'യിൽ അഭിനയിക്കാമോ എന്ന് മഹേഷ് ചോദിച്ചു. പൂജ താൽപര്യം കാട്ടിയില്ല. 24 മണിക്കൂർ സമയം തരാം എന്നായി മഹേഷ്. ഈ സമയം കഴിഞ്ഞിട്ടും മറുപടി വരാതായതോടെ ഡിംപിൾ കപാഡിയയുടെ മകളെ കാസ്റ്റ് ചെയ്യുമെന്ന് മഹേഷ് പറഞ്ഞു. അടുത്ത നിമിഷം സിനിമയിൽ അഭിനയിക്കാൻ പൂജ സമ്മതിച്ചു.

 

തന്നെപ്പോലെ മകൾ പൂജ ഭട്ടും പിന്നീട് മദ്യത്തിന് അടിമയാകുന്നത് മഹേഷിന് കാണേണ്ടിവന്നു. 'ഡാഡി'യിൽ അച്ഛനെ മദ്യപാനത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ച മകൾ നാൽപ്പത്തിനാലാം വയസിൽ മദ്യത്തിന് അടിമയായപ്പോൾ മോചിപ്പിക്കാൻ രംഗത്തിറങ്ങിയത് ശരിക്കുള്ള ഡാഡി തന്നെയായിരുന്നു. മഹേഷിൻ്റെ നിരന്തര ഇടപെടലുകൾ കൊണ്ട് പൂജ ഭട്ടും മദ്യം ഉപേക്ഷിച്ചു.

 

How Mahesh Bhatt and Pooja Bhatt fought their battle with Alcoholism