അന്നപൂരണിയില്‍ മാപ്പ് പറഞ്ഞ് നയന്‍താര; ഒരു നല്ല വിശ്വാസിയെന്നും താരം

 നെറ്റ്ഫ്ലിക്സ് ചിത്രമായ അന്നപൂരണിയിൽ ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്ന വിവാദത്തിൽ സിനിമയിലെ നായിക നയൻതാര മാപ്പുപറഞ്ഞു. ജയ്ശ്രീറാം എന്ന തലക്കെട്ടിൽ എക്സിൽ നൽകിയ പോസ്റ്റിൽ, വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു. സംഭവം വിവാദമായതോടെ നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിച്ചിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നയൻതാര ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു.

സിനിമയിലെ ചില രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് നെറ്റ്ഫ്ലിക്സ് ചിത്രം പിന്‍വലിച്ചിരുന്നു.  നിര്‍മാതാക്കളില്‍ ഒന്നായ സീ സ്റ്റുഡിയോസ് മാപ്പ് പറയുകയും ചെയ്തിരുന്നു.  ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാത്രി സംഭവത്തിൽ മാപ്പ് പറഞ്ഞ് നയൻതാര സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത്.

ഓം, ജയ് ശ്രീറാം എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.  ‘അന്നപൂരണി സിനിമയുമായുണ്ടായ പ്രതിഷേധത്തെയും സംഭവങ്ങളെയും  ആത്മാര്‍ത്ഥമായി തന്നെ അഭിസംബോധന ചെയ്യുകയാണ്.അതൊരു സിനിമ മാത്രമായിരുന്നില്ല, ഒരിക്കലും തളരാതെ മുന്നോട്ട് പോവാനുള്ള ആര്‍ജവം വളര്‍ത്താനുള്ള ശ്രമം കൂടിയായിരുന്നു, കൃത്യമായ ഇച്ഛാശക്തിയോടെ പ്രതിബന്ധങ്ങളെയെല്ലാം നീക്കാം എന്നൊരു സന്ദേശം കൂടിയായിരുന്നു ഉദ്ദേശിച്ചത്. ഇതിനിടെ സംഭവിച്ചത് അറിഞ്ഞുകൊണ്ടുള്ള കാര്യങ്ങളല്ല, സെന്‍സര്‍ ചെയ്ത് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒടിടിയില്‍ നിന്ന് നീക്കുന്ന അവസ്ഥയിലെത്തിയതും തീര്‍ത്തും അപ്രതീക്ഷിതമായാണ്, ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, വേദന തോന്നിയവരോടെല്ലാം ക്ഷമ ചോദിക്കുന്നു, ഞാന്‍ ഒരു നല്ല ദൈവവിശ്വാസിയാണെന്നും നയന്‍താര പറയുന്നു. 

‘Annapoorani’film controversy; Nayanthara apologizes throug social media