ആദ്യ ടേക്കിനു ശേഷം ജിത്തു പറഞ്ഞു; ‘പേടിക്കേണ്ട, ഞാന്‍ ഉദ്ദേശിച്ചത് കിട്ടി’

നേര് ജയിക്കുന്ന കോടതി മുറിയില്‍ മൈക്കിള്‍ പതറിയപ്പോഴൊക്കെ പ്രേക്ഷകര്‍ ചിരിച്ചു. മൈക്കിള്‍ ചിരിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ ടെന്‍ഷനടിച്ചു. സിനിമ കണ്ടു കഴിയുമ്പോള്‍ ആരും വെറുത്ത് പോകുന്ന കഥാപാത്രം. അതായിരുന്നു സംവിധായകന്‍ ജിത്തു ജോസഫ് ആഗ്രഹിച്ചതും. സംവിധായകന്‍ പ്രതീക്ഷിച്ചത് നല്‍കാനായതിന്റെ സന്തോഷത്തിലാണ് ൈമക്കിള്‍ ആയി വേഷമിട്ട ശങ്കര്‍ ഇന്ദുചൂഡന്‍. 

നേരിലേക്ക് എങ്ങനെയെത്തി ?

ഒരു വെബ് സീരീസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് നേരിലേക്ക് ഇങ്ങനൊരു കഥാപാത്രത്തെ സംവിധായകന്‍ ജിത്തു ജോസഫ് തിരയുന്നത്. എന്റെ പ്രൊഫൈല്‍ കണ്ട് ചിത്രത്തിന്റ കോ–റൈറ്റര്‍ ശാന്തി മായാദേവിയാണ് ജിത്തുവിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം വാട്സാപ്പില്‍ മെസേജ് അയച്ചാണ് ഇക്കാര്യം പറയുന്നത്. ഉടന്‍ ഒ.കെ. പറഞ്ഞു. പിന്നീട് സാറിന്റെ വീട്ടില്‍ പോയി കഥ വിശദമായി കേട്ടു. നിര്‍ണായകമായ വേഷമാണെന്ന് അപ്പോഴാണ് മനസിലായത്. കൃത്യമായ നിര്‍ദേശം സംവിധായകന്‍ തന്നിരുന്നു. എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് അവരുടെ പിന്തുണ കൊണ്ടു മാത്രമാണ്. 

ടെന്‍ഷന്‍ ഉണ്ടായിരുന്നോ ?

ആദ്യ ടേക്കിനു േശഷം ജിത്തു ജോസഫ് പറഞ്ഞിരുന്നു അദ്ദേഹം ആഗ്രഹിച്ചത് കിട്ടിയെന്ന്. എന്തു സംശയവും ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 

മോഹന്‍ലാല്‍ എന്ന വലിയ നടനൊപ്പം

ഏറെ പഠിക്കാനായി. കൂടെ അഭിനയിക്കുന്നവരേയും കംഫര്‍ട്ടബിളക്കുന്ന നടന്‍. ഷൂട്ടിങ് ഇടവേളകളില്‍ തമാശകള്‍ പറയും. ജയിലര്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് ലാല്‍ സര്‍ വന്നത്. എനിക്ക് ഷൂട്ട് ഇല്ലാത്തപ്പോഴും അവരുടെ സീനുകള്‍ എടുക്കുന്നത് ഞാന്‍ നോക്കി നില്‍ക്കും. കുടുംബം പോലെയായിരുന്നു ലൊക്കേഷന്‍. മുതിര്‍ന്ന നടന്‍മാരായ സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവരൊക്കെ അവരുടെ പഴയ കാല അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കേട്ടിരിക്കും. 

കോടതി മുറിയിലെ രംഗങ്ങള്‍

ആദ്യം നന്ദി പറയേണ്ടത് ആര്‍ട് ഡയറക്ടര്‍ ബോബനോടാണ്. തിരുവനന്തപുരത്തെ ഒരു ബോയ്സ് ഹോസ്റ്റല്‍ ആണ് കോടതി മുറിയാക്കി മാറ്റിയത്. അവിടെത്തുമ്പോള്‍ തന്നെ ശരിക്കും ഒരു കോടതിയില്‍ നില്‍ക്കുന്ന തോന്നല്‍ വന്നു.