'എന്നാ നടിപ്പ്'; ജയസൂര്യയ്​ക്കും ജോൺ ലൂഥറിനും ആര്‍ അശ്വിന്‍റെ അഭിനന്ദനം

ജോൺ ലൂഥര്‍ സിനിമ കണ്ട ശേഷം ചിത്രത്തേയും നടന്‍ ജയസൂര്യയേയും പ്രശംസിച്ച് ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. 'എന്നാ നടിപ്പ്' എന്നാണ് ജയസൂര്യയുടെ അഭിനയത്തെക്കുറിച്ച് അശ്വിന്‍റെ കമന്‍റ്. ഒരു ക്രിക്കറ്റ് താരം എന്നതിലുപരി മില്ല്യണ്‍ കണക്കിന് സബ്​സ്ക്രൈബേഴ്​സുളള യൂട്യൂബര്‍ കൂടിയാണ് രവിചന്ദ്രന്‍ അശ്വിന്‍ എന്ന ആര്‍ അശ്വിന്‍. താരം തന്‍റെ വിശേഷങ്ങളെല്ലാം തന്നെ യൂട്യൂബ് ചാനല്‍ വഴിയാണ് ആരാധകരുമായി പങ്കുവയ്ക്കാറ്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വിഡിയോയിലാണ് ജോൺ ലൂഥര്‍ സിനിമയെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും സംസാരിച്ചത്.

ജൊഹാനസ്ബെർഗിൽ നടക്കുന്ന ട്വന്റി ട്വന്റി സീരിസിൽ പങ്കെടുക്കുന്നതിനായി യാത്രചെയ്യവേ പകര്‍ത്തിയ ദൃശ്യങ്ങളും യാത്രാവേളയിലെ അനുഭവങ്ങളും പങ്കുവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ അശ്വിന്‍റെ വിഡിയോ. വിമാനയാത്രയ്ക്കിടെ കണ്ട ജോൺ ലൂഥര്‍ എന്ന ചിത്രത്തെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും വാചാലനാകുകയാണ് അശ്വിന്‍. വിമാനയാത്രക്കിടെ പൊതുവെ താന്‍ ഉറങ്ങാറില്ലെന്നും അതിനു പകരം വിമാനത്തിലെ ടി.വിയില്‍ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഓര്‍ഡറില്‍ സിനിമകള്‍ കാണുമെന്നും അശ്വിന്‍ പറയുന്നു. 

"വിജയ് ആന്‍റണി നായകനായ 'കൊലൈ' എന്നൊരു സിനിമ കണ്ടു. ഒരു ഹോളിവുഡ് പടം കണ്ട അനുഭവമാണ് ചിത്രം സമ്മാനിച്ചത്. അതൊരു പൊലീസ് സ്റ്റോറിയായിരുന്നു. അതിനു ശേഷം ഞാനൊരു സിനിമ കണ്ടു, ‘ജോൺ ലൂഥർ’. എന്നാ ആക്ടിങ്. എന്‍റെ അറിവ് ശരിയാണെങ്കിൽ ഇതേ ഹീറോ തന്നെയാണ് വസൂൽ രാജ എംബിബിഎസിൽ കമൽഹാസനൊപ്പം സാക്കിർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാ ആക്ടിങ്..സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയാണ് ചിത്രം പറയുന്നത്."

"ഒരു കഥാപാത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നു, തിരക്കഥയുടെ മികവ് ഇതെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു ചിത്രമാണ് ജോണ്‍ ലൂഥര്‍. സിനിമ തുടങ്ങി തീരുന്നതുവരെ മൊബൈല്‍ പോലും തൊട്ടിട്ടില്ല. രണ്ടര മണിക്കൂര്‍ സിനിമയില്‍ മുഴുകി ഇരിക്കുകയായിരുന്നു. ജോണ്‍ ലൂഥര്‍ കണ്ടതോടെ മലയാള സിനിമയുടെ വലിയ ആരാധകനായി മാറി. നൃത്തസംവിധായിക കലാ മാസ്റ്റർ പറയുന്നതുപോലെ ‘കിഴിച്ചിട്ടാങ്കേ’ എന്നു പറയേണ്ടി വരും. അതിഗംഭീര സിനിമയാണ് ജോണ്‍ ലൂഥര്‍. നന്നായി ആസ്വദിച്ചു. നിങ്ങളും ഈ സിനിമ തീർച്ചയായും കാണണം" എന്നും അശ്വിന്‍ തന്‍റെ വിഡിയോയിലൂടെ പറയുന്നു.  കാലാ പാനി എന്ന വെബ്സീരീസിനെയും അഭിനന്ദിച്ചുകൊണ്ടാണ് അശ്വിൻ തന്‍റെ വ്ലോ​ഗ് അവസാനിപ്പിച്ചത്.

ജയസൂര്യയെ നായകനാക്കി നവാഗത സംവിധായകൻ അഭിജിത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ജോൺ ലൂഥർ. ആത്മീയ രാജൻ, സിദ്ദിഖ്, ദീപക് പറമ്പോൽ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.  ഒരു പൊലീസ് ഓഫീസറായാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം മനോരമ മാക്​സില്‍ കാണാം. 

Ravichandran Ashwin talks about actor Jayasurya and John Luther movie