‘ഹൃദയം’ ടീം വീണ്ടും; ഒപ്പം നിവിനും ബേസിലും ധ്യാനും: 'വര്‍ഷങ്ങള്‍ക്ക് ശേഷം'

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ഒപ്പം ഒരുപിടി വിലപിടിപ്പുള്ള താരങ്ങളുമായി ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം. തന്‍റെ പിറന്നാള്‍ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രമായ ‌‘വര്‍ഷങ്ങള്‍ക്കു ശേഷ’ത്തിന്‍റെ പ്രഖ്യാപനം പ്രണവ് മോഹന്‍ലാല്‍ നടത്തിയത്‍. ഹൃദയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിൻ പോളിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Pranav Mohanlal and Vineeth Sreenivasan reunite aftrer 'Hridayam' for next film