വയസ്സ് 80; പാട്ടിന് എന്നും 18; ചിന്നതായ് തന്ന രാജാവ്; ഇശൈ‘രാജ’

ഇളരാജ എന്ന അനുഭൂതിക്ക് ഇന്ന് 80 വയസ്സ്. തമിഴ്നാടിന്റെ നാടൻശൈലീസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ രാജാപ്പാട്ടുകള്‍ ഇന്നും കാലത്തിന് അതീതമാണ്. പ്രായം മറക്കുന്ന ആ പാട്ടുകളുടെ ഉടയോന് വയസ്സ് 80 ആകുമ്പോഴും സംഗീതത്തോട് ഒരുവിട്ടുവീഴ്ചക്കും അദ്ദേഹം ഒരുക്കമല്ല.

മണിരത്നത്തിന്റെ ദളപതി സിനിമയുടെ പാട്ടെഴുത്ത് നടക്കുന്നു. വാലി പാട്ടെഴുതാനെത്തി. ഇളരാജ ട്യൂണ്‍ പറഞ്ഞുകൊടുക്കുന്നു. വാലി ഇങ്ങനെ എഴുതി. ‘ചിന്നതായവള്‍ തന്ത രാസാവേ..’ വരികള്‍ കേട്ടതും ഇളയരാജ കണ്ണീരണിഞ്ഞു. കാരണം രാജയുടെ അമ്മയുടെ പേരായിരുന്നു ചിന്നതായ്.ആ അമ്മ തന്ന രാസാവ് പിന്നെ സംഗീതം െകാണ്ട്, ശബ്ദം െകാണ്ട്, രാജ്യത്തിന്റെ അതിര്‍ത്തികള്‍ താണ്ടി. ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം എന്ന് മലയാളിയും ഏറ്റുപാടി.

പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സൗഹൃദത്തിനും കൂട്ടായി രാജാ പാട്ടുകള്‍ തെന്നിന്ത്യയ്ക്കൊപ്പം അലിഞ്ഞു ചേര്‍ന്നുനാളുകള്‍. മടുപ്പില്ലാതെ അങ്ങനെ കേട്ടിരിക്കാന്‍ വളയൊച്ച പോലെ ഇമ്പമായി തീര്‍ന്നവ‍. ഇളംകാറ്റ് കടന്നുപോകുന്ന പുല്ലാങ്കുഴല്‍ പോലും രാജയ്ക്കായി ചുരത്തിയ സംഗീതം കാലത്തിനും അതീതം.

ഇളയരാജ–എസ്പിബി കൂട്ടുകെട്ട് ഒരുമിച്ചപ്പോഴല്ലാം ശ്വാസം കഴിക്കാതെ സംഗീതപ്രേമികള്‍ കേട്ടിരുന്നു. കമല്‍ഹാസന്‍– രജനികാന്ത് യുഗത്തില്‍ ഇരുവിസ്മയങ്ങള്‍ക്കും പലകുറി പരിഭവമായിരുന്നു. എനിക്ക് തന്നതിനെക്കാള്‍ നല്ല പാട്ടുകള്‍ കമലിനാണ് സ്വാമി െകാടുത്തതെന്ന് രജിയും അങ്ങനെയല്ല രജനിക്കാണ് നല്‍കിയതെന്ന് കമലും വാദിക്കും. ഈ സ്നേഹപരിഭവങ്ങള്‍ ഇടതും വലതും നിന്ന് കേട്ട് അദ്ദേഹം പുഞ്ചിരിക്കും. കാരണം താരങ്ങളല്ല സംഗീതമാണ് അദ്ദേഹത്തിന്റെ മൂര്‍ത്തി.

പാട്ടിനായി കലഹിക്കാനും രാജ മടിക്കാറില്ല. അത് ഉറ്റചങ്ങാതിയായ എസ്ബിയോടാണെങ്കില്‍ പോലും. ഒരിക്കല്‍ അമ്മാവെ വണങ്കാതെ ഉയിരില്ലയേ എന്ന പാട്ട് തന്റെ സ്റ്റാര്‍ഡത്തിന് ചേരില്ലെങ്കിലോ എന്ന് കരുതി രജനി ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കിയപ്പോള്‍ രാജ ഇടപെട്ടു. ഈ വരികളും സംഗീതവും നിന്റെ മേന്‍മ കൂട്ടുമെന്ന് രജനിയോട് ഉറപ്പു പറഞ്ഞു. അത് സത്യമായി. ആ വരികളും പാട്ടും ഇന്ന് അമ്മപ്പാട്ടുകള്‍ ഏറെ മുന്നില്‍.

1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായി ജനിച്ച ഇളയരാജ സംഗീതലോകത്തിന്റെ പടവുകള്‍ ഓരോന്നായി കയറിയത് കണ്ണീര്‍ അനുഭവങ്ങളുടെ കാലം നടന്നുതീര്‍ത്താണ്. ഇന്ന് സംഗീതം െകാണ്ട് കോടികളും കോടിക്കണക്കിന് ആരാധകരും രാജ്യസഭാ എംപി എന്ന പദവിയും അദ്ദേഹത്തിന് സ്വന്തമായുണ്ട്. 1976 ൽ അന്നക്കിളി എന്ന സിനിമയിലൂടെ  സംഗീതസംവിധാനത്തിലേക്ക് കടന്ന രാജ 2023ലും പാട്ടിന്റെ ലോകത്ത് സജീവമാണ്. തിയറ്റര്‍ നിറച്ച വിടുതലൈയിലും രാജ ടച്ചുണ്ട്.

തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി ഏകദേശം 5,000 ഓളം ഗാനങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബിബിസി തിരഞ്ഞെടുത്ത ഗാനങ്ങളിൽ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട ‘രാക്കമ്മ കയ്യേ തട്ട്’ എന്ന ഗാനവുണ്ടെന്നത് ഇന്ത്യക്ക് അഭിമാനമാണ്

ഇശൈഞ്ജാനി എന്നത് വെറും വാഴ്ത്തല്ല എന്ന് ഈ പതിറ്റാണ്ടുകളില്‍ അദ്ദേഹം ഓരോ സിനിമയിലൂടെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സംഗീതത്തിന് സമര്‍പ്പിച്ച ജീവിതം. ആ സമര്‍പ്പണത്തിന്റെ അവകാശം അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാണ്. ചിലപ്പോള്‍ കോപിക്കും, ശകാരിക്കും, സൗഹൃദം നോക്കാതെ പിന്നിട്ട കാലം പോലും മറന്ന് ചൊടിച്ചെന്ന് വരും. കാരണം എല്ലാത്തിലും വലുത് അദ്ദേഹത്തിന് സംഗീതമാണ്. അതിന് മുകളിലോ അതിനൊപ്പമോ ഒന്നും വയ്ക്കാത്ത പാട്ടിന്റെ ഈ രാജരാജയ്ക്ക് ആയൂര്‍ആരോഗ്യസൗഖ്യം.