ഞാൻ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ പോസ്റ്റ് ചെയ്തേനെ: അദ്നാൻ സമി

അടുത്തിടെ സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം നീക്കം ചെയ്ത് ഗായകൻ അദ്നാൻ സമി ചർച്ചകളിൽ നിറഞ്ഞിരുന്നു. ‘അല്‍വിദ’ എന്നെഴുതിയിരിക്കുന്ന 5 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ മാത്രമാണ് ഗായകന്റെ പേജിൽ അവശേഷിച്ചത്. ‘വിട’ എന്നാണ് അല്‍വിദയുടെ അര്‍ഥം. യാതൊരു മുന്നറിയിപ്പുമില്ലാതെ സമി ഇത്തരമൊരു നീക്കം നടത്തിയതോടെ ആരാധകർ ആശങ്കയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് ഗായകൻ രംഗത്തെത്തിയിരിക്കുകയാണ്. പോസ്റ്റുകൾ നീക്കം ചെയ്യുകയല്ല, അവയെല്ലാം ആർക്കൈവ് ചെയ്യുകയാണുണ്ടായതെന്ന് അദ്നാൻ സമി വിശദീകരിക്കുന്നു. മാനസികമായി ഒരു പുതിയ മനുഷ്യൻ ആകാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണിതെന്ന് ഗായകൻ പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സമി മനസ്സു തുറന്നത്. 

‘നിങ്ങള്‍ക്ക് എന്റെ ഈ നീക്കത്തെ മികച്ചതെന്നോ മണ്ടത്തരമെന്നോ വിളിക്കാം. എന്റെ രൂപമാറ്റത്തില്‍ നിന്നാണ് സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുകയെന്ന ആശയത്തിലേക്ക് ഞാൻ എത്തിയത്. കോവിഡ് വ്യാപനം നമ്മുടെ ചിന്തകളെയെല്ലാം മാറ്റിമറിച്ചു. സംഗീതലോകത്ത് തിരിച്ചെത്തി മെലഡി ഗാനങ്ങളുണ്ടാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ ജീവിതമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായി മാനസികമായും ഞാന്‍ ഒരുപാട് മാറ്റങ്ങള്‍ നടത്തി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകള്‍ കളഞ്ഞു. അദ്‌നാന്‍ 2.0 എന്ന് പേര് മാറ്റി. ഞാന്‍ ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അല്‍വിദ എന്ന് വെറുതേ ടൈപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഇടുമായിരുന്നു. അല്‍വിദ എന്നെഴുതിയ മനോഹരമായൊരു ലോഗോ ഉണ്ടാക്കി അതു പോസ്റ്റ് ചെയ്ത് സമയം കളയില്ല. അങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ നാടകീയത സൃഷ്ടിച്ച് അതു പ്രഖ്യാപിക്കുകയുമില്ല’, അദ്നാൻ സമി പറഞ്ഞു. 

മുൻപ് പലതവണ സമൂഹമാധ്യമലോകത്ത് അദ്നാൻ സമി ചർച്ചയായിട്ടുണ്ട്. പാക്ക് വംശജനാണെങ്കിലും 2016 മുതൽ സമി ഇന്ത്യൻ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനോടുള്ള വിയോജിപ്പുകൾ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.