പണ്ട് തോറ്റു മടങ്ങി, ഇന്നു പൊന്നും വില ‘FA FA എന്ന ഫഹദ്’

'മഹേഷിന്റെ പ്രതികാരം കണ്ട് കമോൺട്രാ ഫഹദേ എന്ന് അന്ന് കേരളം ഒന്നടങ്കമാണ് വിളിച്ചിരുന്നങ്കില്‍ ഇന്ന് സഥിതി മാറി. പുഷ്പയിൽ ഭൻവർ സിംഗ് ഷെഖാവത്തും വിക്രത്തിലെ അമറും വരാന്‍ പോവുന്ന മാരി സെല്‍വരാജ് ചിത്രം മാമന്നിലെ കഥാപാത്രവും ഫഹദ് ഫാസിൽ എന്ന ബ്രാന്‍ഡിനെ ഇന്ത്യന്‍ സിനിമയിലേയ്ക്ക് ഒന്നാകെ വിളിക്കുകയാണ്. ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചുള്ള ആ യാത്രയില്‍ ഒന്നാകെ നിറയുന്നത് ഫഹദ് എന്ന താരത്തിനപ്പുറം, ഫഹദ് എന്ന നടനാണ്. കഴിഞ്ഞ ആറു മാസത്തിനി‌യില്‍ 300 കോടി ക്ലബ്ലില്‍ ഇടം നേടിയ രണ്ട് സിനിമകളിലെ പ്രധാന താരവും  ഫഹദ് തന്നെ. 

സോ കോൾഡ് ചോക്ളേറ്റ് നായകനിൽ നിന്നും ഹീറോ ഇമേജ് ഇല്ലാത്ത തരം കഥാപാത്രങ്ങളിലേക്കുള്ള യാത്ര.  ഒരു നടനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായ ഈ മാറ്റം വിജയകരമായി ഫലം കണ്ടു  എന്നതാണ്  ഫഹദ് എന്ന നടനെ  വേറിട്ട് നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ്  ഒരേ അച്ചിൽ വാർത്തെടുക്കുന്ന നായകന്മാരെ കണ്ടുമടുത്ത മലയാളി പ്രേക്ഷകരുടെ മുന്നിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഫഹദ് എത്തുന്നതും  അതിന് കയ്യടികള് നേടുന്നതും. 

2009 മുതൽ 2022 വരെ നീളുന്ന പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഫഹദ്  എന്ന നടൻ മലയാള സിനിമയെ വിസ്മയിപ്പിച്ചതെങ്ങനെ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളൂ. ഈ  പന്ത്രണ്ടു വർഷങ്ങൾ തന്നിലെ നടനെ  രാകി മിനുക്കിയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന് ശ്രദ്ധ കാട്ടി എന്നതാണത്.  സിനിമയുടെ  വെള്ളി വെളിച്ചത്തിലെ മിന്നും സൂപ്പര്‍ താരം ആകാന്‍  ശ്രമിക്കാതെ വീണ്ടും വീണ്ടും നടനാകാനാണ് എന്നും അയാള്‍ ശ്രമിച്ചത്. 

2002-ൽ 'കയ്യെത്തും ദൂരത്തിലൂ'ടെ അരങ്ങേറ്റം പാളിയപ്പോള്‍ എടുത്ത ഇടവേള തന്നിലെ നടനെ അടയാളപ്പെടുത്താന്‍ മാത്രം ഫഹദ് കഠിന പ്രയത്നം ചെയ്തു. 7 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം  2009- ൽ ഇറങ്ങിയ 'കേരള കഫെ'യിലെ 'മൃത്യുഞ്ജയം' എന്ന ചെറു സിനിമയിൽ ഫഹദ് വീണ്ടും പ്രത്യക്ഷപെട്ടു. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചോക്ലേറ്റ് ഹീറോയായ സച്ചിന്റെ പതര്‍ച്ചകളില്‍ നിന്ന്, അര്‍ജുനന്‍ എന്ന നാഗരികയുവാവിന്റെ ശരീരഭാഷയിലേക്കുള്ള പാകപ്പെടല്‍. കഥാപാത്രമായി വിശ്വസനീയമായി പെരുമാറുകയാണ് ഫഹദ് ചെയ്തത്. പിന്നീടുള്ള 2 വർഷങ്ങളിൽ പ്രമാണി, കോക്ക്ടയിൽ,ടൂർണമെന്റ്, തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ വന്നു പോയി.  ശ്രദ്ധിക്കപ്പെട്ടത് 2011ൽ റിലീസ് ആയ 'ചാപ്പാ കുരിശി'ലെ കഥാപാത്രം, ചിത്രത്തിലെ  പ്രകടനം   മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഫഹദിന് നേടി കൊടുത്തു. പിന്നാലെ '22 ഫീമയിൽ കോട്ടയ'വും, 'ഡയമണ്ട് നെക്‌ളേസും',. 'ആമേനും', 'അന്നയും റസൂലും' ഈ നടന്ർറെ രൂപ, ഭാവ പരിണാമങ്ങളെ മലയാളിക്ക് കാട്ടിത്തന്നു. 'അഞ്ചു സുന്ദരികൾ', 'ആർട്ടിസ്റ്റ്', തുടങ്ങിയ സിനിമകളിലെല്ലാം ഫഹദിലെ പ്രതിഭയുടെ മിന്നലാട്ടം കണ്ട പ്രകടനങ്ങൾ. 'നോർത്ത് 24 കാത'ത്തിലൂടെ മികച്ച നടനുള്ള ആദ്യത്തെ സ്റ്റേറ്റ് അവാർഡ്.

കണ്ണുകൾ കൊണ്ട് കഥാപാത്ര മനസ്സ് എഴുതി വയ്ക്കുന്ന, ചിരിയിലൂടെ പോലും കാഴ്ചക്കാരെ ഞെട്ടിക്കുന്ന, സമാനതകളില്ലാത്ത നടനായി   ഫഹദ് ഫാസിൽ രൂപാന്തരപ്പെട്ടെങ്കിൽ അത് പ്രതിഭയും സമർപ്പണവും അധ്വാനവും കൊണ്ട് മാത്രമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും വിസ്മയിപ്പിച്ച നടന്മാർ ആരെന്ന ചോദ്യത്തിന്  കമൽ ഹസ്സൻ പറഞ്ഞ പേരുകളിൽ ഒന്ന് ഫഹദായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും പ്രേക്ഷകരെ ഫഹദ് തന്നിലേക്ക് കൂടുതല് അടുപ്പിച്ചുകൊണ്ടിരുന്നു.

നോർത്ത് 24 ലെ ഹരിയും ആമേനിലെ സോളമനും ഇയോബിലെ അലോഷിയും, ദിലീഷ് പോത്തന്റെ മഹേഷും, തൊണ്ടിമുതലിലെ പ്രസാദും ഇന്നോളം മലയാളം കാണാത്ത ചില ഭാവപ്പകർച്ചകളെ പുറത്തെത്തിച്ചു.  വരത്തനിലെ എബിയും, കുമ്പളങ്ങിയിലെ  ഷമ്മിയും, ട്രാൻസിലെ പാസ്റ്റർ ജോഷ്വ കാൾട്ടനും , ജോജിയുമെല്ലാം പല വഴികളില് സഞ്ചരിച്ച് കാഴ്ചക്കാരെ അമ്പരപ്പിച്ചു.  നമുക്കു ചുറ്റും കണ്ട മനുഷ്യര്‍ നമുക്ക് മുന്നിലേക്ക് കയറി നിന്ന കാഴ്ച. മലയാള സിനിമയുടെ മാറ്റങ്ങളെ മുന്നില് നിന്ന് നയിച്ച കഥാപാത്രങ്ങളും സിനിമകളും ഫഹദ് സമ്മാനിച്ചു.  കഴിഞ്ഞ പത്തു വർഷവും അഭിനയം കൊണ്ട് ഞെട്ടിച്ച യുവനടനാര് എന്ന ചോദ്യത്തിന് ഉത്തരമായി  ആദ്യ പേര് ഫഹദ് എന്നതു മാത്രമാണ്.  

വാഴ്‌ത്തുപാട്ടുകള്  ഫഹദ് എന്ന വ്യക്തിയെ ഒരുകാലത്തും ബാധിച്ചില്ല, ആൾക്കൂട്ടആരവങ്ങളുടെ കയ്യിടിയില്‍ നിന്ന ് മാറി തന്റെ പ്രകടനങ്ങളിലൂടെ മാത്രം പ്രേക്ഷകരോട് സംവദിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാവാണ് ഫഹദ്. എന്തു കൊണ്ട് ആരാധകസംഘടന രൂപീകരിച്ചില്ല എന്ന ചോദ്യത്തിന് ഫഹദ് നല്കിയ മറുപടി കേള്ക്കണം.  20 വയസ് മുതല്‍ 30 വയസ് വരെയുള്ള പ്രായത്തിലാണ് ഒരാള്‍ തന്റെ ഭാവി സുരക്ഷിതമാക്കുന്നതെന്നും  അസോസിയേഷന്‍ സിനിമയ്ക്ക് ഉണ്ടായാല്‍ മതി. നടന് ഒരു അസോസിയേഷന്റെ ആവശ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല എന്നുമായിരുന്നു അത്. 

ഏത് കഥാപാത്രങ്ങളിലേക്കും അതിവേഗം കുടിയേറാന്‍ പ്രാപ്തനായ നടന്‍ എന്ന നിലയില്‍ ഫഹദ് പകരക്കാരില്ലാത്ത പ്രതിഭയാകുന്ന കാഴ്ചയാണ് പ്രേക്ഷകന്‍ ഏറ്റവുമൊടുലിലെത്തിയ വിക്രത്തിലും  കാണുന്നത്. മാതൃക തീര്‍ക്കുന്ന കഥാപാത്രങ്ങള്‍ മലയാളവും കടന്ന് ഇന്ന് തെന്നീന്ത്യ മുഴുവന്‍ നിറയുന്നു എന്നത് മലയാളത്തിന്റെയും സന്തോഷമാകുന്നു.  വരാനിരിക്കുന്ന സിനിമകളുടെ പട്ടികയെടുത്താല് മലയന്‍ കുഞ്ഞും, പാച്ചുവും അത്ഭുത വിളക്കും, പുഷ്പ 2വും അങ്ങനെ കൊതിപ്പിക്കുന്ന നിര കാണാം.  ഒപ്പം അയാളിലെ നടനെ കാണുവാന്‍ പ്രേക്ഷകനും കാത്തിരിക്കുന്നു.

ഫഹദ് മുന്നോട്ടുതന്നെ നടക്കുകയാണ്. ആകാരം കൊണ്ട് ഇന്ത്യയുടെ സൂപ്പർ താരങ്ങളില് നിന്ന് ഏറെ അകലെയാകും ചിലപ്പോള് ഫഹദ്. പക്ഷേ ഭാവങ്ങളുടെ അതിസൂക്ഷ്മ പ്രകടനങ്ങളിലൂടെ ഫഹദ് നടന്നുകയറുന്നത് നമ്മുടെ സിനിമയുടെ നെറുകയിലേക്ക് തന്നെയാണ്. വരും വർഷങ്ങള് അതിന് കൃത്യമായ ഉത്തരം നല്കുക തന്നെ ചെയ്യും, തീർച്ച.