ഒടിയൻ തന്ന വേദന മേജർ മാറ്റി; 'മുറിവേറ്റ സിംഹത്തിന്റെ ഗർജനം' പോലെ ധീര: മനോജ്കുമാർ

ഏറെ പ്രതീക്ഷയോടെ ചെയ്യുന്ന ജോലികളിൽ നിന്ന് പോലും അവസാനം മാറ്റിനിർത്തപ്പെടുന്നത് കലാകാരന്മാരെ സംബന്ധിച്ച് വേദനാജനകമാണ്. എത്ര കാലം കഴിഞ്ഞാലും ആ മുറിവ് ഉണങ്ങാതെ മനസിലുണ്ടാകും. സീരിയൽ താരവും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ മനോജ്കുമാറിനെ അത്തരത്തിൽ മുറിവേൽപ്പിച്ച ഒരു സിനിമയാണ് ഒടിയൻ. ആ അനുഭവത്തെക്കുറിച്ച് മനോജിന്റെ വാക്കുകൾ ഇങ്ങനെ:

മേജറിൽ പ്രകാശ് രാജിന് ഡബ് ചെയ്തത് നിരൂപക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. എന്നാൽ അതിനുപിന്നിലൊരു നോവ് ബാക്കിയല്ലേ?

ഒരുപാട് പ്രതീക്ഷയോടെ ഞാൻ ചെയ്ത സിനിമയാണ് ഒടിയൻ. 95 ശതമാനം ജോലികളും പൂർത്തിയാകുകയും ചെയ്തു. ക്ലൈമാക്സ് എടുക്കാറായ സമയത്താണ് എന്നെ മാറ്റി ഷമ്മി തിലകനെ വച്ചത്. അന്ന് മനസ് ഒരുപാട് വേദനിച്ചു. പ്രകാശ് രാജിനാണ് ഞാൻ ഡബ് ചെയ്തത്. ആ വര്‍ഷം മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് ഷമ്മി തിലകന് ലഭിക്കുകയും ചെയ്തു. എന്നെ എന്തുകൊണ്ടാണ് മാറ്റിയതെന്ന് അറിയില്ല. 'മേജർ' സിനിമ ചെയ്യുന്നത് വരെ ഒടിയൻ ഒരു വേദനയായി മനസിൽ അവശേഷിച്ചു.

ഡബ്ബിങ്ങ് നിർത്തിയാലോ എന്ന് പോലും ചിന്തിച്ചു. ഒടിയന്റെ വേദന മാറ്റിയത് മേജറാണ്. അതിൽ വീണ്ടും പ്രകാശ് രാജിന് ഡബ് ചെയ്യാനുള്ള അവസരം എന്നെ തേടി വന്നു. സിനിമയ്ക്ക് നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. എന്നാലും കേരളത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോയെന്ന് സംശയമാണ്.

ജീവിതത്തിൽ വന്നുചേർന്ന വലിയ സന്തോഷമല്ലേ കെ.ജി.എഫിലെ ധീര?

തീർച്ചയായും. സഞ്ജയ് ദത്ത് അവതരിപ്പിച്ച ധീരയക്ക് ശബ്ദം നൽകാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണ്. ഡബ്ബ് ചെയ്യാൻ സ്റ്റുഡിയോയിൽ എത്തിയപ്പോൾ ശങ്കർ രാമകൃഷ്ണൻ പറഞ്ഞത്, ധീര ഒരു മുറിവേറ്റ സിംഹമാണെന്നാണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്ക് ഇല്ല. ഏറെ ശ്രദ്ധിച്ചാണ് ധീരയെ ചെയ്തത്. ഡബ് ചെയ്ത സമയത്ത് ധീരയെ ഞാൻ മനസിലേക്ക് ആവാഹിക്കുകയും, ശബ്ദത്തിലൂടെ ധീരയായി മാറുകയായിരുന്നു.

താങ്കൾക്ക് ബാധിച്ച ബെൽസ് പ്ലാസി എന്ന അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത് ധീരതയല്ലേ?

മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ ആലോചിക്കാറില്ല. ഈ അസുഖത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് അക്കാര്യം തുറന്നുപറഞ്ഞത്. 15 വയസുകഴിഞ്ഞ ആർക്കും ഈ രോഗം വരാം. എന്നാൽ ജീവന് അപകടമൊന്നുമില്ല. സ്ട്രോക്ക് പോലെ ഭയപ്പെടേണ്ടതുമില്ല. മുഖം താൽകാലികമായിട്ടാണ് കോടിപ്പോയത്. ബെല്‍സ് പ്ലാസി വരുന്നവര്‍ ഭയപ്പെടാതെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കൃത്യമായ ചികില്‍സ ഉറപ്പാക്കിയാല്‍ മതി.