അതിസുന്ദരിയായി സോനം; ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് താരം; ഏറ്റെടുത്ത് ആരാധകർ

ബേബി ബമ്പ് ഔട്ട്ഫിറ്റിൽ ‌അതിസുന്ദരിയായി സോനം കപൂർ. താരം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വലിയ സ്വീകാര്യത നേടികഴിഞ്ഞു. ഡിസൈനർ അബു ജാനിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് വ്യത്യസ്ത ലുക്കുമായി താരം എത്തിയിരിക്കുന്നത്. ക്രീം നിറത്തിലുള്ള സാറ്റിൻ വസ്ത്രത്തിനൊപ്പം പരമ്പരാഗത ആഭരണങ്ങളാണ് സോനം ധരിച്ചിരിക്കുന്നത്. 

സ്റ്റേറ്റ്മെന്റ് നെക്ലസും വലിയ കമ്മലും വളകളും അണിഞ്ഞ് രാജകീയ പ്രൗഢിയോടെയാണ് ചിത്രങ്ങള്‍ക്ക് താരം പോസ് ചെയ്തിരിക്കുന്നത്. അമ്മ സുനിത കുമാറിന്റെ കമ്പനി രൂപകല്പന ചെയ്ത ആഭരണങ്ങളാണിവ. കാലിൽ എംബ്രോയ്ഡഡ് ജുട്ടിസുമുണ്ട്. സഹോദരി റിയ കപൂറാണ് സ്റ്റൈലിസ്റ്റ്. ഗ്രീക്ക് ദേവതയെപ്പോലെയുണ്ടെന്നാണ് റിയ കപൂർ ചിത്രത്തിനു താഴെ കമൻറ് ചെയ്തിരിക്കുന്നത്. 2022 മാർച്ച് 22നാണ് താനും ആനന്ദ് അഹുജയും ആദ്യകുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണെന്ന കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സോനം ആരാധകരെ അറിയിച്ചത്. 2018-ലായിരുന്നു സോനത്തിന്റെയും ആനന്ദ് അഹുജയുടെയും വിവാഹം.