പുഷ്പ 2വിന് 400 കോടിയുടെ ഓഫർ; നിരസിച്ച് നിർമാതാക്കൾ; ‘താഴത്തില്ലെടാ..’

പാട്ടുകൾ അടക്കം എല്ലാ ഭാഷകളിൽ തരംഗം തീർത്ത വിജയമാണ് അല്ലു അർജുൻ ചിത്രം പുഷ്പ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലുമാണ് ആരാധകർ. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് അടക്കം ഭാഷകളിൽ ഇപ്പോഴും ചിത്രത്തിലെ പാട്ടുകൾ ട്രെൻഡിങ്ങാണ്. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വൻ ഓഫർ ലഭിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരികയാണ്.

ഏകദേശം 400 കോടി രൂപയ്ക്ക് അടുത്ത് രണ്ടാം ഭാഗത്തിന്റെ വിതരണത്തിന് ഓഫർ വച്ചിട്ടും നിർമാതാക്കൾ  മൈത്രി മൂവി മേക്കേഴ്സ് നിരസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനികളാണ് റെക്കോർഡ് തുക ഓഫർ ചെയ്തിരിക്കുന്നത്.  എന്നാൽ വിതരണാവകാശം ഇപ്പോഴേ വിൽക്കുന്നില്ല എന്നാണ് നിർമാതാക്കളുടെ തീരുമാനം.മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിച്ചത്. രണ്ടാം ഭാഗത്തിൽ അല്ലു അർജുനും ഫഹദ് ഫാസിലും തമ്മിലുള്ള പോരാട്ടമാകും എന്നാണ് സൂചന.