'സർദാർ ഉദ്ദ'മോ 'ഷെർണി'യോ? ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക ചുരുക്കപ്പട്ടികയായി

2022 ലേക്കുള്ള ഓസ്കർ പുരസ്കാരത്തിനായി ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഏതെന്ന് ഉടൻ അറിയാം. വിക്കി കൗശലിന്റെ 'സർദാർ ഉദ്ദം', വിദ്യാബാലന്റെ 'ഷെർണി' എന്നിവയാണ് പട്ടികയിൽ ഇടം നേടിയവയിലെ പ്രധാന ചിത്രങ്ങൾ. ആമസോൺ പ്രൈമിലാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് 'സർദാർ ഉദ്ദ'മും 'ഷെർണി'യും നേടിയത്. ഈ സിനിമകൾക്ക് പുറമേ മലയാളത്തിൽ നിന്ന് നായാട്ടും തമിഴിൽ നിന്ന് മണ്ടേലയും പട്ടികയിൽ ഉണ്ട്. ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായി 14 സിനിമകളിൽ നിന്നാണ് ജൂറി അംഗങ്ങൾ ഒരു സിനിമ തിരഞ്ഞെടുക്കുക. 

ധീരരക്തസാക്ഷിയായ ഉദ്ദംസിങിനെ കുറിച്ച് ഷൂജിത് സിർകാർ ചെയ്ത സിനിമയാണ് 'സർദാർ ഉദ്ദം'. ജാലിയൻ വാലാബാഗിൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയവരെ വധിക്കുക എന്ന ലക്ഷ്യത്തിനായി ഉദ്ദം സിങ് നടത്തിയ പോരാട്ടമാണ് സിനിമ പറയുന്നത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ശ്രമിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥയുടെ കഥയാണ് 'ഷെർണി' പറയുന്നത്.