‘ആ തീപിടിത്തം എല്ലാം നശിപ്പിച്ചു; ശേഷിക്കുന്നത് ഇത്രമാത്രം; ദയവായി സഹായിക്കണം’; അപേക്ഷ

‘ഈ ഭൂമിയിൽ ഇനി അവശേഷിക്കുന്നത് അതിന്റെ കുറച്ച് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ മാത്രമാണ്. സിനിമയുടെ നെഗറ്റീവ് സൂക്ഷിച്ചിരുന്ന ലാബിലുണ്ടായ തീപിടിത്തത്തിൽ എല്ലാം കത്തി നശിച്ചു. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തീ വിഴുങ്ങി. ഇനി ആ സിനിമ കാണുക എന്നത് അസാധ്യമാണ്. അതുകാെണ്ട് ചോദിക്കുകയാണ്. ഒപ്പം നിൽക്കുമോ? നമുക്ക് ഓംലെറ്റിൽ നിന്നും ഒരു മുട്ട ഉണ്ടാക്കാം. സിനിമാ ചരിത്രത്തിൽ ആദ്യമാകും ഇത്തരമൊരു സംഭവം..’ മലയാളിയോട് ബാലചന്ദ്രമേനോന്റെ അപേക്ഷയാണ്. തന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രിയെ കുറിച്ചുള്ള തീരാത്ത സങ്കടം അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.

‘43 വർഷങ്ങൾക്ക് മുൻപാണ് എന്റെ ആദ്യ കുഞ്ഞായി ഉത്രാടരാത്രി എന്ന സിനിമ എത്തുന്നത്. ഒരു 23കാരന് കിട്ടാവുന്ന വലിയ സ്വീകരണം എനിക്ക് കിട്ടി. പ്രശംസ െകാണ്ട് ഒരുപാട് പേരെന്നെ മൂടി. അവിടെ മുതൽ ഇവിടെ വരെ എത്തിനിൽക്കുമ്പോൾ തീരാത്ത വേദന കൂടിയാണ് ആ സിനിമ. ഒരു തീപിടിത്തം അതിന്റെ എല്ലാ ശേഷിപ്പുകളെയും എരിച്ചു. ഒന്നും ബാക്കിയില്ല. പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ ആ നോവ് വല്ലാതെ നീറ്റുന്നത് െകാണ്ടാണ് ഈ അപേക്ഷയുമായി എത്തുന്നത്. ആ സിനിമ കണ്ടിട്ടുള്ള മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. അവരോടാണ് എനിക്ക് പറയാനുള്ളത്.

ഒന്ന് സഹായിക്കണം. ഉത്രാടരാത്രി എന്ന സിനിമയെ കുറിച്ച് നിങ്ങൾ അറിയാവുന്ന കാര്യങ്ങൾ എന്നോട് പറയണം. സിനിമയുടെ കഥ, കഥാപാത്രങ്ങളുടെ പ്രത്യേകത, അവരുടെ സവിശേഷത. സീനുകൾ, സംഭാഷണങ്ങൾ അങ്ങനെ, അങ്ങനെ നിങ്ങളുടെ ഓർമകളിൽ ഇന്നും അവേശേഷിക്കുന്ന പൊട്ടും പൊടിയും എന്തിന് ഒരു സീൻ പോലും എനിക്ക് വിലമതിക്കാനാവാത്തതാണ്. ആ ഓർമകൾ ചേർത്തുവച്ച് എനിക്ക് ആ സിനിമ ഒന്ന് പുനരാവിഷ്‌ക്കരിക്കണം. ഇപ്പോഴത്തെ ചെറുപ്പക്കാർ ആ ചിത്രം കണ്ടിട്ടുണ്ടാകില്ല. ഇത് വായിക്കുന്നവർ അവരുടെ വീട്ടിലെ മുതിർന്ന അംഗങ്ങളോട് ചോദിക്കണം. അങ്ങനെ ഒരാൾ നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടണം. ആ സിനിമയെ പറ്റി നിങ്ങൾ ഓർത്തെടുക്കുന്നതെന്തും (vandv@yahoo.com) എന്ന മെയിലിലേക്ക് അയച്ചുതരണം. സമയം ഉണ്ടല്ലോ എന്ന് കരുതരുത്. എത്രയും വേഗം കിട്ടിയാൽ അത്രയും നല്ലത്. അടുത്ത മാസം അ​ഞ്ചാം തീയതിക്ക് മുൻപ് ലഭിച്ചാൽ വളരെ സന്തോഷം.’ ബാലചന്ദ്ര മേനോൻ പറയുന്നു.

ഈ ശ്രമം വിജയിച്ചാൽ അതൊരു ചരിത്രം കൂടിയാണ്. 43 വർഷം മുൻപുള്ള ഓർമകൾ ജനങ്ങൾ തിരിച്ചു പറഞ്ഞുതന്ന് ഒരു സിനിമ റീമേക്ക് ചെയ്യുക എന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യം കൂടിയാകുമെന്നും അദ്ദേഹം പറയുന്നു. അന്ന് ആ സിനിമയുടെ ഭാഗമായിരുന്ന ഒട്ടേറെ താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് ഓർമയാണ്. ശങ്കരാടി, സുകുമാരൻ, കുതിരവട്ടം പപ്പു, ആറൻമുള പൊന്നമ്മ, രവി മേനോൻ, ഉർവശി ശോഭ എന്നിവർ നമുക്കൊപ്പം ഇല്ല. മധുസാർ, കവിയൂർ പൊന്നമ്മ അടക്കമുള്ളവരോട് ഞാൻ ഇക്കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. അവരുടെ ഓർമകളിൽ നിന്നും ആ സിനിമയുടെ ശേഷിപ്പുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അവർക്കൊപ്പം സിനിമ കണ്ടവർ കൂടി ചേരുമ്പോൾ എന്റെ ശ്രമം വിജയിക്കും. ഓംലെറ്റിൽ നിന്നും മുട്ട ഉണ്ടാക്കാൻ ശ്രമമാണ്. ഒപ്പമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.