'മൗനം തെറ്റെന്ന് കരുതരുത്; കാണാക്കഥയ്ക്ക് ചുക്കാൻ പിടിക്കല്ലേ'; അഭിരാമി

മൗനമായിരിക്കുന്നത് തെറ്റ് ചെയ്തത് കൊണ്ടാണെന്ന് കരുതരുതെന്ന് അഭിരാമി. നടൻ ബാല കുടുംബത്തിനെതിരെ ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ചാണ് അഭിരാമിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. കാണാത്ത കഥകൾക്ക് വെറുതേ ചുക്കാൻ പിടിക്കരുതെന്നും മൃഗങ്ങളൊന്നുമല്ലെന്നും അഭിരാമി കുറിച്ചു. മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന ബാലയുടെ വാദം വസ്തുതാ വിരുദ്ധമാണെന്ന് അമൃത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിരാമിയുടെയും കുറിപ്പ്. 

‘കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നിൽക്കാൻ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങൾക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. ഈ കാലത്തിൽ വേണ്ടത് തമ്മിൽ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്. മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മൾ! കാണാത്ത കഥകൾക്ക് ചുക്കാൻ പിടിക്കല്ലേ കൂട്ടരേ. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാതെ തെറ്റിദ്ധരിക്കപ്പെട്ട ഒരായിരം സ്വകര്യവേദനകൾ കടിച്ചുപിടിച്ച അച്ഛൻ 'അമ്മ സഹോദരി സഹോദരന്മാർ’, അഭിരാമി സുരേഷ് കുറിച്ചു.

മകള്‍ അവന്തികയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമൃത അനുവദിച്ചില്ല എന്നായിരുന്നു ബാലയുടെ ആരോപണം.  ഇതുസംബന്ധിച്ച് ഓൺലൈൻ മാധ്യമത്തിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് തെളിവുകൾ സഹിതം അമൃത തള്ളി. ഇതാദ്യമായാണ് സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ മനസ്സ് തുറക്കുന്നത്. അവന്തികയ്ക്കു കോവിഡ് ആണെന്നും തെറ്റായ പ്രചാരണം നടന്നു. എന്നാൽ മകൾ യാതൊരു കുഴപ്പവുമില്ലാതെ സുഖമായിരിക്കുന്നു എന്ന് അമൃത വ്യക്തമാക്കി.