‘ചിലർ വാനരർ, ചിലർ അണ്ണാൻ; രാമനായി ആകുന്നത് ചെയ്യൂ’; കഥ പറഞ്ഞ് അക്ഷയ്

തലേന്ന് രാത്രി മകൾക്ക് പറഞ്ഞു കൊടുത്ത കഥയിൽ നിന്നാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ വി‍ഡിയോ ആരംഭിച്ചത്. തന്നാലാകും വിധം രാമസേതു ക്ഷേത്രത്തിന്റെ നിർമാണത്തിന് സഹായിച്ച അണ്ണാറക്കണ്ണന്റെ കഥയായിരുന്നു മകൾ നിതാരയോട് അക്ഷയ് പറഞ്ഞത്. ഈ ചെറിയ സംഭാവനയാണ് രാമനെ ലങ്കയിലെത്താൻ സഹായിച്ചതെന്നും അക്ഷയ് ആരാധകരെ ഓർമിപ്പിച്ചു.

'ഇന്ന് നമ്മുടെ അവസരമാണ്. അയോധ്യയിൽ രാമനായി പണിയപ്പെടുന്ന ക്ഷേത്രത്തിന് നമ്മുടെ ചെറിയ സംഭാവനകൾ പോലും വലുതാണ്. നമ്മളിൽ ചിലർ വാനരരാകാം, ചിലർ അണ്ണാന്മാരും. നമുക്കാകുന്നത് ചെയ്യാം. ഞാൻ തുടക്കമിടുന്നു. ഇത് അനേകർക്ക് പ്രചോദനമാകുമെന്നും ഞാൻ വിശ്വസിക്കുന്നു. വരും തലമുറയിലുളളവർ രാമൻ കാണിച്ച നല്ല മാതൃക പിൻപറ്റട്ടെ' വിഡിയോയിൽ അദ്ദേഹം പറഞ്ഞു. 

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുളള സംഭാവനകൾ നൽകാൻ ആരാധകരെ ആഹ്വാനം ചെയ്തായിരുന്നു അക്ഷയ് കുമാറിന്റെ വിഡിയോ.. ട്വിറ്ററിലാണ് അദ്ദേഹം സംഭാവനകൾ ആവശ്യപ്പെട്ടുളള വിഡിയോ പങ്കുവച്ചത്.