‘എവിടെ സായി പല്ലവി?’; 100 കോടി പോസ്റ്ററിൽ ധനുഷ് മാത്രം; ചർച്ച

കാഴ്ചക്കാരുടെ എണ്ണത്തിൽ 100 കോടിയും കടന്ന് മുന്നേറുകയാണ് റൗഡി ബേബി വിഡിയോ. എന്നാൽ ഇപ്പോൾ സായി പല്ലവി ആരാധകർ രോഷത്തോടെ ഉയർത്തുന്ന ചോദ്യം. ‘എവിടെ സായി പല്ലവി’ എന്നാണ്. റൗഡി ബേബിയുടെ നേട്ടം ഉയർത്തിക്കാണിച്ച് അണിയറപ്രവർത്തകർ സ്പെഷൽ പോസ്റ്റർ പുറത്തിറക്കിയതോടെയാണ് ഈ ചോദ്യം ശക്തമായത്. കാരണം പാട്ടിന്റെ വിജയത്തിന് ഒരു കാരണം സായി പല്ലവിയുടെ നൃത്തമാണെന്ന് ആരാധകർ വാദിക്കുമ്പോൾ, പുറത്തിറങ്ങിയ പോസ്റ്ററിൽ ധനുഷ് മാത്രമാണ് ഉള്ളത്. ഇതാണ് രോഷത്തിന് കാരണം.

‘റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്’ എന്നെഴുതിയതിനൊപ്പം ഗിറ്റാർ പിടിച്ചു നിൽക്കുന്ന ധനുഷിന്റെ ചിത്രം മാത്രമാണ്‌ ചേർത്തത്. സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി പൂർണമാകില്ലെന്നും പാട്ട് ഇത്രയും വലിയ വിജയം നേടിയതിൽ ധനുഷിനെപ്പോലെ തന്നെ താരത്തിനും വലിയ പങ്കുണ്ടെന്നും ആരാധകർ തുറന്നടിച്ചു. 

നൂറു കോടി കാഴ്ചക്കാരെ സ്വന്തമാക്കുന്ന നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് റൗഡി ബേബി. 2019 ജനുവരി 1–ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബിൽ ട്രെന്‍ഡിങ്ങായി നിന്നത്. ധനുഷിന്റെയും സായ് പല്ലവിയുടെയും നൃത്തമായിരുന്നു പാട്ടിന്റെ ഹൈലൈറ്റ്. ഫാസ്റ്റ് നമ്പറിനു വേണ്ട നിറമുള്ള ചേരുവകളോടെയാണ് റൗഡി ബേബി ചിത്രീകരിച്ചത്. ‌ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്. ധനുഷ് തന്നെയാണ് രചനയും. യുവൻ ശങ്കർ രാജയാണ് സംഗീതം.