ശബരീനാഥ് വിസ്മയിപ്പിക്കുന്ന മനുഷ്യന്‍; വിട പറയില്ല; വേദനയോടെ രാജേഷ് ഹെബ്ബർ

ശബരീനാഥിൻറെ അകാല വിയോഗം സീരിയൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. ശബരീനാഥിനെ അനുസ്മരിച്ച സഹപ്രവർത്തകനും നടനുമായ രാജേഷ് ഹെബ്ബാർ. ശബരീനാഥിന്റെ സൗഹൃദത്തിന് നന്ദി അറിയിച്ചുള്ള ഒരു കുറിപ്പാണ് രാജേഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സഹപ്രവർത്തകനും വിസ്മയിപ്പിക്കുന്ന മനുഷ്യനും എല്ലാറ്റിനുമുപരി ഒരു ഉത്തമ സുഹൃത്തുമാണ് ശബരീനാഥനെന്ന് രാജേഷ് ഹെബ്ബർ കുറിക്കുന്നു.

രാജേഷ് ഹെബ്ബറിന്റെ കുറിപ്പ് 

പ്രിയപ്പെട്ട ശബരി,

വളരെയധികം വേദനിക്കുന്നതിനാൽ ഒന്നും പറയേണ്ടെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ നിങ്ങൾ ഒരു സഹപ്രവർത്തകനും വിസ്മയിപ്പിക്കുന്ന മനുഷ്യനും എല്ലാറ്റിനുമുപരി ഒരു ഉത്തമ സുഹൃത്തുമാണ്...

നമ്മൾ നടന്മാർ ഒരു അടയാളം ഇടാൻ പരിശ്രമിക്കുന്നു, അഭിനിവേശത്തോടെ ഓരോ ശ്വാസത്തിലും ജീവിക്കുന്നു....

നിന്റെ അഭിനിവേശവും അർപ്പണബോധവും ദയയും കഴിവും എന്നെന്നും ഓർമിക്കപ്പെടും... നിന്റെ കഥാപാത്രങ്ങളിലൂടെ, നിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമാകാൻ ഭാഗ്യം ലഭിച്ചവരിലൂടെ നീ എന്നും ജീവിക്കും...

ഞാൻ വിട പറയില്ല....നിന്റെ സൗഹൃദത്തിനും നീ തന്ന ഓർമകൾക്കുമുള്ള നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂ....