ചെറിയ പെരുന്നാളിനെ വരവേറ്റ് സൂഫി ഗാനപശ്ചാത്തലത്തില്‍ ഹ്രസ്വഗാനം

ചെറിയ പെരുന്നാളിനെ വരവേറ്റ് സൂഫി ഗാനപശ്ചാത്തലത്തിലൊരുക്കിയ ഹ്രസ്വഗാനം ശ്രദ്ധേയമാകുന്നു. നൂറിന്‍ അല നൂര്‍ എന്ന പേരിലുള്ള ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

 രോഗാതുരകാലത്തെ പെരുന്നാള്‍ ആകുലതയോടും, ആശങ്കയോടും കൂടിയാണ് മൂസ്ലീം സമൂഹം എതിരേല്‍ക്കുന്നത്. ആഹ്ലാദത്തിന്റെ അലകളല്ല എവിടെ നിന്നും ഉയരുന്നത്. ശോകാര്‍ദ്ദ്രമായ ഈ ദുരിതകാലം വരച്ചിടുന്നതാണ് വരികളെല്ലാം തന്നെ...കനല്‍വഴിയില്‍ തണല്‍ ചൊരിയും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംവിധാനവും, സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ ശിഷ്യന്‍ കേച്ചേരി ആളൂര്‍ സ്വദേശി എം.എ. അമലാണ്. ഫത്താഹ് റഹ്മാന്റേതാണ് വരികള്‍. കിച്ചന്‍ എന്നറിയപ്പെടുന്ന പുതുമുഖ ഗായകന്‍ കണ്ണന്‍ ഗുരുവായൂരിന്റേതാണ് ആലാപനം. വൈറ്റ് ലോട്ടസ് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് കോഴിക്കോട് സ്വദേശി കെ.എം.ഷഫീഖ് ആണ്.സൂഫിയാന്‍ സൂഫി ഛായാഗ്രഹണവും, റിഷാദ് റിച്ചു ചിത്രസംയോജനവും വിനീഷ് മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. കളക്ടീവ് പ്ലഗ് ഇന്‍ മ്യൂസിക് ഹോം, ധീര ഡാന്‍സ് കമ്പനി, ആര്‍സിബി ഡാന്‍സ് ഹബ് എന്നിവര്‍ സാങ്കേതിക സഹായം നടത്തിയിരിക്കുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം പ്രേക്ഷകര്‍ക്ക് അവാച്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.