കൂരിരുള്‍ കൊടുംകാപ്പിരിക്കാട്ടിലേക്ക് കത്തനാര്‍ ‘ജയസൂര്യ’‍; വിസ്മയമായി ടീസര്‍; വിഡിയോ

പുതുമയാര്‍ന്ന റോളുകള്‍ നടന്‍ ജയസൂര്യയുടെ ബലഹീനതയാണ്. സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്താനും മേക്ക്ഓവറില്‍ അമ്പരപ്പിക്കാനും കഴിവുള്ള നടന്‍. വീണ്ടും അത്ഭുതപ്പെടുത്താന്‍ താരം ഒരുങ്ങിക്കഴിഞ്ഞു, മാന്ത്രികനായ വൈദികന്‍, കടമറ്റത്ത് കത്തനാരായി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഈ മാന്ത്രികന്‍ ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. 

ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ പുറത്തു വിട്ടു. മികച്ച പ്രതികരണമാണ് വിഡിയോക്കു ലഭിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈ‍ഡേ ഫിലിം ഹൗസ് ആണ്. ത്രിഡിയിലാകും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ അനിമേറ്റഡ് ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രമ്യ നമ്പീശന്റെ ശബ്ദമാണ് ലോഞ്ച് ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്.

റോജിൻ തോമസ് ആണ് സംവിധാനം. തിരക്കഥ ആർ. രാമാനന്ദ്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സീരിയലുകളിലും ചിത്രകഥകളിലും നാടകങ്ങളിലും കണ്ടു പരിചയിച്ച കത്തനാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ കത്തനാരായിരിക്കും ചിത്രത്തിലെന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.