ജീവിതത്തോട് നൂറു മടങ്ങു പ്രണയം; അര്‍ബുദത്തോടുള്ള പോരാട്ടം പറഞ്ഞ് മംമ്ത

അര്‍ബുദത്തെ ജയിച്ച ജീവിതം പറഞ്ഞ് നടി മംമ്ത മോഹൻദാസ് . പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തിൽ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്ന് മംമ്ത രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സംഘടിപ്പിച്ച ഇന്ത്യൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ചിന്റെ (ഐഎസിആർ) വാർഷിക സമ്മേളനത്തിൽ മംമ്ത പറഞ്ഞു.

ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അർബുദം ബാധിച്ചത്. 11 വർഷം മുൻപ്, അപ്പോൾ തനിക്ക് 24 വയസ്സായിരുന്നു. അർബുദം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിനു മുൻപു ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അർബുദത്തോടു മല്ലിട്ടു ജീവൻ നഷ്ടപ്പെട്ട വ്യക്തികളെ ഓർക്കുന്നു.  ഏതു തരത്തിലുള്ള അർബുദവും ഭേദമാക്കാവുന്നതാണെന്നും താരം പറഞ്ഞു. 

അർബുദം മുൻ നിർണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താൽ പൂർണമായും ഭേദമാക്കാനാകും എന്നതിനു ജീവിച്ചിരിക്കുന്ന താൻ തന്നെയാണ് ഉദാഹരണമെന്നു ഡോ.ശ്രീദേവി അമ്മ പറഞ്ഞു. ഗർഭാശയമുഖ അർബുദവും സ്തനാർബുദവുമാണ് ഇന്ത്യയിൽ കൂടുതലായുള്ളത്. പ്രാരംഭ ഘട്ട ലക്ഷണങ്ങൾ അവഗണിച്ചിട്ടു രോഗം കൂടുതൽ വഷളാകുമ്പോഴായിരിക്കും ഡോക്ടറെ സമീപിക്കുക. താനും ആദ്യ ലക്ഷണങ്ങൾ അവഗണിച്ചിരുന്നുവെങ്കിൽ ഇവിടെയുണ്ടാകുമായിരുന്നില്ലെന്നും അവർ പറഞ്ഞു.