പൃഥ്വിയെയും ബിജു മേനോനെയും നഞ്ചമ്മയ്ക്ക് അറിയില്ല; പക്ഷേ ഇൗ ചിരിയും പാട്ടും ഹിറ്റ്

പൃഥ്വിരാജ് ആരാണെന്ന് അറിയില്ല, ബിജു മേനോൻ ആരാണെന്ന് അറിയില്ല, ഏതു സിനിമയ്ക്ക് വേണ്ടിയാണ് പാടിയതെന്നും അറിയില്ല.. അതൊന്നും ഇൗ അമ്മയ്ക്ക് അറിയില്ലെങ്കിലും കേരളം ഇൗ ചിരിയും പാട്ടും നെഞ്ചോട് ചേർത്ത് കഴിഞ്ഞു. ആവർത്തിച്ച് കേട്ട് മലയാളി ആസ്വദിക്കുകയാണ് അയ്യപ്പനും കോശിയും എന്ന സിനിമയിലെ ആദ്യ ഗാനം. ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം നഞ്ചമ്മയാണ് ആലപിച്ചിരിക്കുന്നു. വരികളും നഞ്ചമ്മയുടേതു തന്നെ. 

അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. പാലക്കാടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. സുദീപ് ഇളമൺ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനൽസ് എന്നീ ചിത്രങ്ങൾക്കു ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഫെബ്രുവരി 7ന് സിനിമ തിയറ്ററുകളിലെത്തും.