എവിടെ ജനാധിപത്യം? എവിടെ അഭിപ്രായ സ്വാതന്ത്യം? പൗരത്വബില്ലിൽ രോഷം പങ്കിട്ട് ഗീതു

പൗരത്വ ഭേദഗതി നിയമത്തിൽ ജാമിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ജനാധിപത്യം എവിടെയെന്നും അഭിപ്രായ സ്വാതന്ത്ര്യം എവിടെയെന്നും ഗീതു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ചോദിക്കുന്നു. 

''പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാർച്ച് നടത്താൻ ആഗ്രഹിച്ച വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചതോടെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല വെള്ളിയാഴ്ച യുദ്ധക്കളമായി മാറി. ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലുള്ള അതിക്രമങ്ങൾ! എവിടെ ജനാധിപത്യം? എവിടെ അഭിപ്രായ സ്വാതന്ത്ര്യം?''- പ്രതിഷേധ ചിത്രങ്ങൾക്കൊപ്പം ഗീതു കുറിച്ചു. 

ചലച്ചിത്രരംഗത്തുനിന്ന് നിരവധി പേരാണ് പൗരത്വ നിയമത്തിനെതിരായി സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധത്തിൽ പങ്കുചേർന്നത്. താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ജയസൂര്യ, അനൂപ് മേനോന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, പാർവ്വതി, അമല പോൾ തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം പങ്കുവെച്ചിരുന്നു. 

വിപ്ളവം എല്ലായ്പ്പോഴും ആഭ്യന്തരസൃഷ്ടിയാണെന്നും ഉണരൂവെന്നുമുള്ള പരാമർശമാണ് സമരചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത്.  പൊലീസിനുനേരെ ചൂണ്ടുവിരലുയർത്തിയ  ജാമിയ മിലിയയിലെ ചരിത്രവിദ്യാർഥിനി അയിഷയുടെ രേഖാചിത്രം എഫ്.ബിയിൽ പങ്കുവച്ചാണ് നടൻ ഇന്ദ്രജിത്തും  കുഞ്ചാക്കോ ബോബനും പ്രതിഷേധത്തിന് പിന്തുണയേകിയത്. 

മതേതരത്വം നീണാൽ വാഴട്ടേയെന്ന് ഇന്ദ്രജിത്തും ഭാവിതലമുറയെ ഒരുമിപ്പിക്കാൻ ഈ വിരൽമതിയെന്നും ഭരണഘടനയ്ക്കൊപ്പം നിൽക്കണമെന്നും കുഞ്ചാക്കോ ബോബനും കുറിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ടൊവീനോയുടെ കുറിപ്പ്. 'ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പെയ്‌നുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!' ടൊവീനോയുടെ കുറിപ്പ്.