വിനീതിനോട് സിപിഎമ്മിൽ ചേരാൻ പറഞ്ഞിട്ടില്ല; പ്രചാരണത്തിനെതിരെ ശ്രീനിവാസൻ; വിഡിയോ

തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടനും സംവിധായകനുമായ ശ്രീനിവാസൻ. ഫെയ്സ്ബുക്കിൽ തന്റെ പേരിൽ ആറ് വ്യാജ അക്കൗണ്ടുകളുണ്ട്. പലതരത്തിലുള്ള പ്രചാരണങ്ങളും ഇതിലൂടെ നടക്കുന്നുണ്ട്. പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ചുകൊണ്ടാണ് ശ്രീനിവാസൻ വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ചത്. 

ആദ്യം സപിഎമ്മിൽ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താൻ മകൻ വിനീതിനെ ഉപദേശിച്ചെന്നൊക്കെ പ്രചാരണങ്ങളുണ്ട്.സിപിഎം ഒരു ചൂണ്ടായണെന്നും ശ്രീനിവാസൻ പറഞ്ഞെന്നും ഗ്രൂപ്പുകളിൽ പറയുന്നു. ഇവയെല്ലാം വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ഇതുവരെ തനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലായിരുന്നു. പുതുതായി തുടങ്ങിയ Sreenivasan Pattiam(sreeni) എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം പറയുന്നു. ഫെയ്ക്കൻമാർ ജാഗ്രതൈ, ഒറിജിനൽ വന്നു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ. 

''സുഹൃത്തുക്കൾ വഴിയാണ് വ്യാജ അക്കൗണ്ടുകളെക്കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചത്. എനിക്ക് പറയാൻ ആഗ്രഹമുള്ള കുറെ കാര്യങ്ങളുണ്ട്. അത് പറയാനാണ് ഈ അക്കൗണ്ട്''- ശ്രീനിവാസൻ പറഞ്ഞു.