വിവാഹശേഷം ശരീരസൗന്ദര്യവുമായി ബന്ധപ്പെട്ട് നടിമാരിൽ പലരും വിമർശനത്തിന് ഇരയാകാറുണ്ട്. പലരുടെയും വണ്ണത്തെക്കുറിച്ചും മറ്റുമായിരിക്കും ഗോസിപ്പുകോളങ്ങളിൽ ചര്‍ച്ച. നടി സംവൃത സുനിലിനും ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നു.

 

വിവാഹശേഷം നടി ഒരുപാട് വണ്ണംവച്ചതായി വാർത്തകൾ വന്നിരുന്നു. നടിയുടെ ഒരു ഫോട്ടോയും ആ സമയത്ത് പ്രചരിച്ചു. എന്നാൽ ആ വാർത്ത സത്യമല്ലെന്ന് സംവൃത പറയുന്നു. ഒരിക്കലും താന്‍ അമിതമായി വണ്ണം വെച്ചിരിരുന്നില്ലെന്നും പ്രസവത്തിനു ശേഷം പോലും വലിയ വണ്ണം തോന്നിച്ചിട്ടില്ലെന്നുമാണ് സംവൃത പറയുന്നത്.

 

ആ ഫോട്ടോ യഥാർഥത്തില്‍ തന്റേത് തന്നെയാണെന്നും അത് എടുത്തപ്പോള്‍ എങ്ങനെയോ വണ്ണമുള്ള രീതിയിൽ ആയിപ്പോയതാണെന്നും നടി പറഞ്ഞു.

 

‘വിവാഹശേഷം അമിതമായി വണ്ണം വെച്ചു എന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. അത് സത്യമല്ല. എങ്ങനെയാണ് ഇത്തരമൊരു വാർത്ത വന്നതെന്നും എനിക്ക് അറിയില്ല. ഇന്നും ആളുകൾ എന്നോട് ചോദിക്കും, ‘മെലിഞ്ഞു പോയല്ലോ, നേരത്തെ എന്തൊരു വണ്ണമായിരുന്നു’ എന്നൊക്കെ.’

 

‘വണ്ണംവച്ചു എന്ന രീതിയിൽ പ്രചരിച്ച ഫോട്ടോ എന്റെ തന്നെയാണ്. പ്രസവം കഴിഞ്ഞിട്ടു പോലും അധികം വണ്ണം വെച്ചിട്ടില്ലായിരുന്നു. അപ്പോഴും ഇതുപോലെ തന്നെയായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.’- സംവൃത പറഞ്ഞു.

 

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവൃത സുനില്‍. ജി പ്രജീത് സംവിധാനം ചെയ്ത 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിര താമസമായ സംവൃത മികച്ച കഥാപാത്രമാണെന്ന് കണ്ട് തിരിച്ചെത്തുകയായിരുന്നു.