ഇളയരാജയുടെ കൂടെ ഫോട്ടോയിടുമ്പോൾ ചോദിച്ചൂടേ..?; വിവാദത്തിൽ ഗോവിന്ദിന്റെ വേറിട്ട മറുപടി

‘ഇളയരാജയുടെ കൂടെ  ഒരു ഫോട്ടോ ഇടുമ്പോൾ എന്നോട് ചോദിക്കേണ്ടേ, ഞാൻ കൊടുക്കൂല്ലേ നല്ല കിടിലൻ പടം.’ പഴയ വണ്ണമുള്ള ഫോട്ടോ വാർത്തയ്ക്കൊപ്പം  കൊടുത്തതിൽ സങ്കടപ്പെട്ടുകൊണ്ട് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ഇളയരാജ 96 എന്ന സിനിമയിൽ തന്റെ പാട്ട് ഉപോയഗിച്ചതിനെതിരെ നടത്തിയ പരാമർശം വലിയ വാർത്തയായിരുന്നു. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നായിരുന്നു ഇളയരാജയുടെ പരാമർശം. ഇൗ വാർത്തയ്ക്കൊപ്പം മാധ്യമങ്ങൾ നൽകിയ ചിത്രത്തെ പഴിച്ചുകൊണ്ടാണ് ഗോവിന്ദിന്റെ വേറിട്ട മറുപടി. ഇതിനൊപ്പം ഇളയരാജയുടെ ദളപതിയിലെ തന്നെ മറ്റൊരു ഗാനം വയലിനിൽ വായിക്കുന്ന ഒരു വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

കേരളത്തിലും തമിഴ്നാട്ടിലും വമ്പൻവിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായി എത്തിയ 96 എന്ന ചിത്രം. സിനിമയിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായിരുന്നു.  ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയത്. സിനിമയിൽ ഇളയരാജയുടെ ഒരു പാട്ട് ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം രോഷം പ്രകടിപ്പിച്ചത്.

ഇളയരാജയുടെ വാക്കുകളിങ്ങനെ: ‘ഇതെല്ലാം തീര്‍ത്തും തെറ്റായ കീഴ് വഴക്കമാണ്. ഇൗ സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.’ അദ്ദേഹം തുറന്നടിച്ചു. എന്നാൽ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളരാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. ഇളരാജയുടെ വലിയ ആരാധകൻ കൂടിയാണ് ഗോവിന്ദ്.