വീരഗാഥയ്ക്ക് 30 വയസ്; കോടി ക്ലബുകൾ തോറ്റുപോകുന്ന മാസ്റ്റർപീസ്; സുവർണചരിത്രം

‘ചന്തു ചതിച്ച ചതിയാണച്ഛാ..ചന്തു ചതിച്ച ചതിയാണാർച്ചേ...’ പാടി കേട്ട ഇൗ വടക്കൻ പാട്ടിനും, കേട്ടറിഞ്ഞ ചതിയൻ ചന്തുവിന്റെ കഥകൾക്കും വേറിട്ട വീര പരിവേശം ചമച്ചിട്ട് ഇന്നേക്ക് 30 വർഷം. മിത്തുകളുടെ പൊളിച്ചെഴുത്തായിരുന്നു എം.ടിയുടെ ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നും വീറോടെ കേൾക്കുന്ന ചുരികയുടെ ശബ്ദമാണ് ഇൗ ക്ലാസിക്ക്. ഒരു പക്ഷേ ഇന്നത്തെ എതു ബ്രഹ്മാണ്ഡ സിനിമകളോടും കിടപിടിക്കുന്ന തരത്തിൽ എംടി–ഹരിഹരൻ–മമ്മൂട്ടി ത്രിമൂർത്തികൾ ചരിത്രമാക്കിയ സിനിമ. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തും കാമ്പുമുള്ള കഥാപാത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ ചന്തുവിന്റെ സ്ഥാനം വളരെ വലുതാണ്. ശബ്ദത്തിലും രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അല്ലാതെ മറ്റൊരു നടനെയും ചന്തുവായി സങ്കൽപ്പിക്കാൻ മലയാളിക്ക് കഴിയാത്തതും അതുകൊണ്ട് തന്നെയാണ്. അതിന് തിലകം തൊട്ട് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരമടക്കം മമ്മൂട്ടിയുടെ കയ്യിൽ ഇൗ സിനിമ ഭദ്രമാക്കി.

കേട്ടുപരിചയിച്ച ചന്തുവിന്റെയും ആരോമലിന്റെയും ഉണ്ണിയാർച്ചയുടെയും ജീവിതത്തിന്റെ മാറ്റിയെഴുത്ത് കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടിയും സുരേഷ്ഗോപിയും മാധവിയും ഇൗ കഥാപാത്രങ്ങളായി ജീവിച്ചു. അതിന് പക്വതയേകുന്ന തരത്തിൽ എംടിയുടെ ശക്തമായ തിരക്കഥയും സംഭാഷണങ്ങളും. ഇതെല്ലാം പാകത്തിന് ചേർത്തൊരുക്കാൻ ഹരിഹരൻ എന്ന പ്രതിഭയായ സംവിധായകനും. മുപ്പത് വർഷങ്ങൾക്കിപ്പുറവും ഇൗ സിനിമ ഇന്നും എല്ലാ തലമുറകൾക്കും പ്രിയപ്പെട്ടതാവുന്നതും ഇൗ ചേരുവകൾ കൊണ്ടാണ്. ചതിയനായും വഞ്ചകനായും ചരിത്രത്തിൽ തഴയപ്പെട്ട ചന്തു എന്ന കഥാപാത്രത്തിന്റെ പൊളിച്ചെഴുത്തായിരുന്നു എം.ടിയുടെ ആദ്യ വെല്ലുവിളി. കൃത്യമായ പഠനത്തിന് ശേഷം വെള്ളിത്തിരയുടെ ഭാഷയിലേക്ക് അത് എഴുതിവച്ചു. പിന്നീട് ആരാകണം ഇൗ ചന്തു എന്ന ചോദ്യത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല. ‘മമ്മൂട്ടി’. അയാൾക്ക് മാത്രമേ ഇൗ വേഷം ചെയ്യാൻ സാധിക്കൂവെന്ന് അത്ര ഉറപ്പായിരുന്നെന്ന് എംടി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്നും ചർച്ചയാവുന്ന ഒട്ടേറെ സംഭാഷണങ്ങളും പാട്ടുകളും നിറഞ്ഞ ഒരു ചലച്ചിത്ര ചരിത്രഭാഷ്യം കൂടിയാണ് ഒരു വടക്കൻ വീരഗാഥ. ചതിയൻ എന്ന മുദ്രയിൽ നിന്നും ചന്തു പലയാനം ചെയ്യുന്നത് ചാട്ടുളി പോലെ കയ്യടക്കമുള്ള സംഭാഷണങ്ങളിൽ കൂടിയായിരുന്നു. മലയനോട് തൊടുത്തു മരിച്ച അച്ഛന്റെ മകനായും, പൊന്നിനും പണത്തിനുമൊപ്പം തൂക്കി നോക്കിയപ്പോൾ നിഷ്കരുണം ചതിക്കപ്പെട്ട കാമുകനായും, സ്നേഹം പങ്കുവച്ചപ്പോൾ കൈവിറച്ച ഗുരുവിന്റെ ശിഷ്യനായുമൊക്കെ ജീവിതം ചന്തു തന്നെ തുറന്നു പറയുന്നു. 

‘മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്. നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചുകൊണ്ട് ‍കൊഞ്ചും. ചിരിച്ചു കൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും.’ പല വേദികളിലും ഇന്നും സജീവ ചർച്ചയാണ് ഇൗ വാചകം. എതിർത്തും അനുകൂലിച്ചും പുതിയ തലം തേടുന്ന തരത്തിൽ മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഇൗ സംഭാഷണം നിലനിൽക്കുന്നു. അന്ന് തിയറ്ററിൽ ആവേശകയ്യടിയിൽ മുങ്ങിയ വാചകം ഇന്ന് വിമർശനത്തിന്റെ ചൂടേൽക്കുന്നതും സിനിമയുടെ വിജയം തന്നെയെന്ന് കുറിക്കാം.  

വാൾ പയറ്റിലും കുതിരസവാരിയിലും കളരിമുറകളിലും എന്തിന് ഭാഷയുടെ ഉപയോഗത്തിലും മമ്മൂട്ടി എന്ന നടന്റെ സൂക്ഷ്മതയും സമർപ്പണവും ഇൗ സിനിമയിൽ കാണാം. മനസും ശരീരവും കഥാപാത്രമായി മാറ്റുന്ന ആരാധകരുടെ പ്രിയ ‘ഇക്കാ മാജിക്ക്’ ഇവിടെ പ്രകടമാണ്. നടപ്പിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം മമ്മൂട്ടി എന്ന മെഗാതാരത്തിന്റെ അംശം പോലും എങ്ങും എത്തിനോക്കുന്നില്ല. സിനിമയുടെ അവസാനഭാഗത്ത് കണ്ണുനിറഞ്ഞ് പോരാളിയെ പോലെ ‘ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ’ എന്ന പറയുന്നതിലൂടെ ചേകവരുടെ വീര്യം വ്യക്തമാക്കുന്നു. അതിനൊപ്പം ശബ്ദം കൊണ്ട് ഭാവം പകർന്ന ഒട്ടേറെ ഡയലോഗുകൾ. ദൃശ്യങ്ങളില്ലാതെ കണ്ണടിച്ചിരുന്നു കേട്ടാൽ പോലും ആ മുഖം മനസിൽ തെളിയുന്ന തരത്തിൽ മമ്മൂട്ടി അത് അനായാസം ചെയ്തുവച്ചു.‘എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ’ എന്ന വാചകം പ്രേക്ഷകനെ ഉൾക്കിടിലം കൊള്ളിക്കാതിരിക്കുന്നതെങ്ങനെ എന്ന് നിരൂപകരും പലകുറി ചോദിച്ചുപോയിട്ടുണ്ട്. എറ്റവും പുതിയ സിനിമാ വിലയിരുത്തലുകൾ എത്തിനിൽക്കുന്ന കോടി ക്ലബുകളുടെ ചർച്ചയിൽ പലരും ആവർത്തിക്കുന്ന ഒന്നുണ്ട്. ഒരു വടക്കൻ വീരഗാഥ ഇന്നാണ് അവതരിച്ചിരുന്നെങ്കിലോ?