അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് തികച്ച് ബിഗ് ബി

അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് തികച്ച് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിനിമയിൽ പകരംവെക്കാനില്ലാത്ത പ്രതിഭ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് നടന്നുകയറിയത് സിനിമ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്. 

സാത് ഹിന്ദുസ്ഥാനിയെന്ന ചിത്രത്തിൽ 1969 ഫെബ്രുവരി 15നു കരാർ ഒപ്പിടുമ്പോൾ ബച്ചൻപോലും ചിന്തിച്ചിട്ടുണ്ടാകില്ല, അൻപതുകൊല്ലത്തിനിപ്പുറം ഇങ്ങനെയൊരു ദിവസം. അതിശയിപ്പിക്കുന്നതായിരുന്നു ബച്ചന്റെ അഭിനയജീവിതം. സാത് ഹിന്ദുസ്ഥാനിയിൽ തുടങ്ങി, ഷോലെ, സഞ്ജീർ, കൂലി, സിൽസില, അഭിമാൻ, ഡോൺ അങ്ങനെ, തുടർവർഷങ്ങളിലായി ആരും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങൾ. ബ്ലോക്ക്‌ ബസ്റ്റർ ഐകോണിക് ചിത്രങ്ങളുടെ അമരക്കാരനായി പിന്നീട്, മാറുകയായിരുന്നു ബച്ചൻ എന്ന ബിഗ് ബി. 

അൻപതുകൊല്ലം പിന്നിടുമ്പോഴുള്ള, മകൻ അഭിഷേക് ബച്ചന്റെ ആശംസയാണ് ബോളിവുഡ് ലോകം ഇന്ന് ഏറെ ചർച്ചചെയ്യുന്നത്. 76 വയസിലും ബിഗ് ബി, സിനിമയെന്ന കലയോട് കാട്ടുന്ന സ്നേഹവും പാഷനും, തുറന്നുകാട്ടുന്ന കുറിപ്പാണ് അഭിഷേക് പങ്കുവച്ചിട്ടുള്ളത്. അടുത്ത അൻപതുകൊല്ലത്തേക്ക് കാത്തുവച്ചിരിക്കുന്നത് എന്തെന്ന് അറിയാൻ എല്ലാവരെയുംപോലെ ആകാംഷയിലാണെന്നു അദ്ദേഹംപറയുന്നു.