സാരിയുടുക്കണമെന്ന് ആരാധകന്‍; ‘സൈബര്‍ പേടി’ പറഞ്ഞ് ചിന്‍മയിയുടെ മറുപടി

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരായുളള ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായി ചിന്മയി ശ്രീപദയുടെ ധീരമായ തുറന്നു പറച്ചിൽ തമിഴ് ചലച്ചിത്ര രംഗത്ത് ഉണ്ടാക്കിയത് വിപ്ലവകരമായ മാറ്റമായിരുന്നു. അടിച്ചമർത്താനും യഥേഷ്ടം ഉപയോഗിക്കാനും സ്ത്രീകൾ നിന്നു തരില്ലെന്ന ധീരമായ പ്രഖ്യാപനം ഉണ്ടായി. 

ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീകരിച്ചു തരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ താൻ വീട്ടിൽ നിന്ന് ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം ആരോപിച്ചിരുന്നു. കൂടാതെ സ്വിറ്റ്സർലാന്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും തന്നെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടായെന്നും ചിൻമയി ആരോപിച്ചിരുന്നു. 

ചിൻമയിയെ ഒറ്റപ്പെടുത്താൻ നീക്കമുണ്ടായി. ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി. സംഘടനയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രണ്ടു വർഷമായി സംഘടനയിലെ അംഗത്വ ഫീസ് അടച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ചിൻമയിക്കെതിരായ നടപടിയെടുത്തത്. മീ ടൂ തുറന്നു പറച്ചിലിനു പിന്നാലെ സൈബർ ലോകത്തും നിരവധി ആക്രമണങ്ങൾക്കും ചിൻമയി വിധേയായി. 

തന്റെ ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്‍ലോഡ് ചെയ്ത് ആനന്ദം കണ്ടെത്തുന്നവർ നിരവധിയാണെന്നും ചിൻമയി പറയുന്നു. ഇന്ത്യൻ സംസ്കാരത്തിനു അനുയോജ്യമായ സാരി പോലെയുളള വസ്ത്രങ്ങൾ ധരിച്ച് യുവതലമുറയ്ക്ക് മാതൃകയാകണമെന്ന ആരാധകന്റെ കമന്റിന് മറുപടി പറയുകയായിരുന്നു ചിൻമയി. 

സാരിയെടുത്താൽ ഒരു കൂട്ടം ഫോട്ടോഗ്രാഫർമാർ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം വൃത്തമിട്ട്  അശ്ലീലസൈറ്റുകളിൽ അപ്‍ലോഡ് ചെയ്യും. ഈ ചിത്രങ്ങൾ കണ്ട് ആളുകൾ സ്വയംഭോഗം ചെയ്യുകയാണെന്ന് എനിക്ക് അവർ സന്ദേശമയക്കും–ചിൻമയി പറയുന്നു. സാരിയെടുത്താലും ജീൻസ് ധരിച്ചാലും ഇന്ത്യക്കാരിയായി ജീവിക്കാൻ തനിക്കു സാധിക്കുമെന്നും ചിൻമയി ട്വീറ്റ് ചെയ്തു.