തൊടാൻ കൈനീട്ടിയ ആരാധകന്റെ കയ്യിൽ ഉമ്മ വച്ച് വിജയ് സേതുപതി; വിഡിയോ

ചുരുങ്ങിയ കാലം കൊണ്ട് കേരളം ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു തമിഴ് താരം ഉണ്ടോയെന്ന് സംശയമാണ്. ആ ഇഷ്ടത്തിന് അടിവരയിടുന്ന വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മലയാളി കാണിക്കുന്ന ഇഷ്ടത്തെക്കുറിച്ച് മുൻപ് വിജയ് സേതുപതി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. അമ്പരപ്പിക്കുന്ന സ്നേഹമാണ് തനിക്കും തന്റെ ചിത്രങ്ങൾക്കും മലയാളി നൽകുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമാ ചിത്രീകരണത്തിനായി ആലപ്പുഴയിൽ എത്തിയ വിജയ് സേതുപതി അതുനേരിട്ട് അനുഭവിച്ചറിഞ്ഞു.

മക്കൾ സെൽവൻ കീ ജയ്..എന്ന് ആർപ്പുവിളിച്ചാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആരാധകർ ഒഴുകിയെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ പുറത്തിറങ്ങി കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്തു താരം. ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, പിന്നെന്താ.. ഉറപ്പായും. പക്ഷേ ഇപ്പോൾ ഷൂട്ടിലാണ് ഇതു കഴിഞ്ഞോട്ടെ എന്നായിരുന്നു വിജയ്​യുടെ മറുപടി. തിരക്കിനിടയിൽ തന്നെ തൊടാൻ കൈനീട്ടിയ കുഞ്ഞാരാധകന്റെ കയ്യിൽ ഒരു ഉമ്മ സമ്മാനിച്ചാണ് താരം സെറ്റിലേക്ക് മടങ്ങിയത്. പോകുമ്പോൾ ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിച്ച് ആരാധകനോട് വീണ്ടും അക്കാര്യം ഒാർമിക്കുന്ന വിജയ് സേതുപതിയെ അമ്പരപ്പോടെയാണ് കൂടിനിന്നവർ നോക്കിയത്. 

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളാണ് ആലപ്പുഴയിലും പരിസരത്തും ചിത്രീകരിക്കുന്നത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന.  ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നടന്ന ചിത്രീകരണത്തില്‍ ഓട്ടോ തൊഴിലാളികളുമായുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. എം സുകുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്‍. 

അഞ്ചുദിവസം കൂടി ആലപ്പുഴയിൽ ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന. സീനു രാമസ്വാമിയാണ് സിനിമയുടെ രചനയും  സംവിധാനവും. ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയാണു നിർമാതാവ്. ഗായത്രിയാണു വിജയ് സേതുപതിയുടെ നായിക. ഗുരു സോമസുന്ദരം, ഷാജി ചെൻ എന്നിവരും പ്രധാന റോളുകളിലുണ്ട്.  മൂവരുടെയും മൂന്നാമത്തെ കൂട്ടുകെട്ടാണ് മാമനിതൻ. ഇടംപൊരുൾ യേവൾ, ധർമ ദുരൈ എന്നീ ചിത്രങ്ങളിലാണു മൂവരും മുൻപ് ഒന്നിച്ചത്. 

രജനീകാന്തിന്റെ ‘പേട്ട’യിലൂടെ തമിഴകത്തും ചുവടുറപ്പിച്ച മണികണ്ഠൻ ആചാരിയും വിജയ് സേതുപതിക്കൊപ്പമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വേഷത്തിലാണ് ഇരുവരും നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.