ലഹരി വേണ്ട; 6 മണിക്കൂർ ഉറക്കം; കുമ്പളങ്ങി നൈറ്റ്സിന് പോത്തേട്ടൻസ് ടിപ്സ്; വിഡിയോ

ലളിതമായ ആഖ്യാനവും റിയലിസ്റ്റിക് പരിചരണവുമായി പ്രകാശ് സിറ്റിക്കാരുടെ കഥ പറഞ്ഞ് ‘മഹേഷിന്‍റെ പ്രതികാര’മെത്തിയപ്പോൾ അതിനെ സംവിധായകന്‍റെ മികവായാണ് പലരും വാഴ്ത്തിയത്. ചിത്രത്തിലെ സൂക്ഷ്മാംശങ്ങൾ ഇന്നും ഇഴകീറി പഠിക്കുന്നവരുണ്ട്. ആസ്വാദകരും കാഴ്ചക്കാരും ആ മികവിനെ പോത്തേട്ടൻസ് ബ്രില്യൻസ് എന്നു വിളിച്ചു.

ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന 'കുമ്പളങ്ങി നൈറ്റ്സ്' ആണ് ദിലീഷ് പോത്തന്‍റെ പുതിയ സംരംഭം. നിര്‍മാതാവിന്റെ വേഷത്തിലാണ് ഇവിടെ കക്ഷി. ചിത്രത്തിലെ അണിയറപ്രവർത്തകൾക്ക് നിർദേശം നൽകുന്ന 'പോത്തട്ടന്‍സ് ടിപ്സ്' അദ്ദേഹം തന്നെയാണ് ഇത്തവണ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

വിഡിയോയിൽ പങ്കുവെയ്ക്കുന്ന പോത്തേട്ടൻസ് ടിപ്സ്:

''ഒത്തിരി കാര്യങ്ങൾ ഒരുമിച്ച് കോർഡിനേറ്റ് ചെയ്യാനുണ്ട്. അതുകൊണ്ടു തന്നെ ടീം സ്പിരിറ്റ് നിർബന്ധമാണ്. എന്തു പ്രശ്നങ്ങൾ ഉണ്ടായാലും തുറന്നുപറയാം. തൊഴിലിvd]Jz ഭാഗമായി വഴക്കു പറയേണ്ടതായൊക്ക വന്നേക്കാം. അതിനെയൊക്കെ ആ സ്പിരിറ്റിൽ എടുക്കണം. ആ പ്രഷർ ടൈം കഴിയുമ്പോൾ പഴയ സൗഹൃദത്തിലേക്ക് തിരിച്ചുവരണം. അപ്പോഴേ പരിപാടി ഉഷാർ ആകൂ.

ഇത് 60 ദിവസത്തെ ഷെഡ്യൂൾ ആണ്. കുറച്ചു ദിവസം കഴിയുമ്പോൾ സ്വാഭാവികമായും ബോറടിക്കും. പാര്‍ട്ടികളൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. കള്ളുകുടിയും വെള്ളമടിയും നടത്തുന്നതിന് കുഴപ്പമില്ല, അത് ഡിപ്പാർട്ട്മെൻറിന് അകത്താകാൻ ശ്രദ്ധിക്കുക. കിടക്കാൻ നേരം അവനവന്‍റെ മുറിയിലിരുന്ന് അടിച്ചിട്ടു കിടക്കുന്നതാണ് നല്ലത്. രണ്ടോ മൂന്നോ പേർ കൂടിയിരുന്ന് കഴിച്ചാലും കുഴപ്പമില്ല, കഴിവതും ഒഴിവാക്കുക, റെഗുലറാവണ്ട. മറ്റു ‍ഡിപ്പാർട്ട്മെൻറുകളുമായി ചേർന്നുള്ള കള്ളുകുടി കമ്പനികളില്‍നിന്നും ബുദ്ധിപൂർവവും സ്മാർട് ആയും നിങ്ങൾ ഒഴിവാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഷൂട്ടിന് ശേഷം നമുക്ക് പൊളിക്കാം. നമ്മൾ ഒരു ബേസിക് ടീം ആണ്. ചില ലിമിറ്റേഷൻസ് ഉണ്ടാകണം. പ്രവൃത്തിസമയത്ത് മദ്യത്തിലോ ലഹരിയിലോ കാണാനിടയാകരുത്. ലേറ്റ് നൈറ്റ് ഡിസ്കഷന്‍സ് ഒഴിവാക്കുക.

മിനിമം ആറു മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. എല്ലാവരും ഈ 60 ദിവസം കഴിഞ്ഞും ഹെൽത്തി ആയിട്ടിരിക്കേണ്ട ആവശ്യം നമുക്കുണ്ട്. ഒരാളും ക്ഷീണിതരാകരുത്. ആറു മണിക്കൂർ ഉറങ്ങാനുള്ള സമയം തന്നിട്ടേ അടുത്ത ദിവസം ഷൂട്ട് തുടങ്ങൂ. എല്ലാവരുടെയും ആരോഗ്യം സൂക്ഷിക്കണം. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ വരുമ്പോൾ കൃത്യമായി മരുന്ന് കഴിക്കുക. രോഗങ്ങളെ ശാസ്ത്രീയമായി സമീപിക്കുക''