‘ഞാന്‍ പ്രകാശനി’ലെ ആ തമാശ ലാലിനെ ഉദ്ദേശിച്ചല്ല: വിശദീകരിച്ച് സത്യന്‍ അന്തിക്കാട്

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം..സത്യൻ അന്തിക്കാട്, മോഹൻലാൽ ശ്രീനിവാസൻ ത്രയം സമ്മാനിച്ച് ക്ലാസിക് ഹിറ്റുകളാണിവ. പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിൽ 'ഞാൻ  പ്രകാശൻ' എത്തിയപ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് മൂവരും ഒന്നിക്കുന്ന ചിത്രം ഇനിയെപ്പോഴാണ് എന്നായിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട്. 

'ഞാൻ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാൽ കഥ വന്നുചേർന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

''മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്.  വാട്സ്ആപ്പിൽ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിർദോഷമായ ഒരു തമാശ പോലും മോഹൻലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ. 

''ഫഹദിന്റെ കഥാപാത്രം 'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോൾ 'അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും' എന്ന് ശ്രീനി മറുപടി നൽകുന്ന സീനുണ്ട്. അത് മോഹൻലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ്– സത്യൻ അന്തിക്കാട് പറഞ്ഞു.

വിഡിയോ കാണാം: