പ്രണയരംഗം മതവികാരം വ്രണപ്പെടുത്തുന്നതെങ്ങനെ?; ഹർജിക്കാർക്ക് കോടതിയുടെ മറുചോദ്യം ഒപ്പം പിഴയും

ഹിന്ദു പെണ്‍കുട്ടിയും മുസ്‌ലിം യുവാവുമായുള്ള പ്രണയരംഗങ്ങള്‍ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ?  ഹിന്ദുത്വത്തെക്കുറിച്ച് അറിയില്ലെങ്കിൽ പഠിച്ചിട്ട് വരാൻ ഗുജറാത്ത് കോടതി. സാറാ അലിഖാനും സുഷാന്ത് സിങ് രജപുത്തും പ്രധാനവേഷത്തിലെത്തുന്ന കേദാർനാഥിന്റെ പ്രദർശനം വിലക്കണമെന്ന ആവശ്യവുമായി എത്തിയ ഹർജിക്കാർക്ക് ചുട്ടമറുപടി നൽകി കോടതി. 

 മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയും ക്ഷമയും മനുഷ്യപുരോഗതിയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രം മതവികാരം വ്രണപ്പെടുത്തുവെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

സിനിമകൾ നിരോധിക്കുന്നത് അണിയറയിൽ പ്രവര്‍ത്തിച്ച ഒരു കൂട്ടം ആളുകളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നതാകുമെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

നിയമത്തിനനുസൃതമായി എന്ത് തൊഴില്‍ ചെയ്തും അന്തസ്സോടെ രാജ്യത്ത് ജീവിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. കോടതി സമയം നഷ്ടമാക്കിയതിന് 5000 രൂപ പിഴ ഒരാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാര്‍ ഒടുക്കണമെന്നും വിധിച്ചു.