സത്യേട്ടനെ വെല്ലും ഇൗ ‘ഫ്ലെക്സേട്ടൻ’ ബ്രില്ല്യൻസ്; ‘തെങ്ങുകയറി’ ഫഹദ്; വൈറൽ

‘സിനിമ ഒരു കലയല്ലേ. അത് ഏതവന്റെ കയ്യിലാ ഒളിഞ്ഞിരിക്കുന്നതെന്ന് പറയാൻ പറ്റില്ല’. ഇൗ കലാകാരനെ വിശേഷിപ്പിക്കാൻ ഇതിൽപരം ഒരു വാചകമില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ വർത്തമാനം. ഇൗ പ്രകാശൻ ഞാനല്ലേ എന്ന് മലയാളിയെ കൊണ്ട് കേവലം ഒരു ടീസറിലൂടെ ചോദിപ്പിച്ച ഫഹദ് ചിത്രം ഞാൻ പ്രകാശന്റെ ഫ്ലെക്സ് ബോർഡാണ് ഇപ്പോൾ വൈറൽ. സത്യേട്ടൻ ബ്രില്ല്യൻസിനെ കടത്തി വെട്ടിയിരിക്കുകയാണ് ഇൗ ഫ്ലെക്സേട്ടൻ ബ്രില്ല്യൻസ്.

തെങ്ങിൽ കയറി ഇരിക്കുന്ന ഫഹദ് ഫാസിലിന്റെ വലിയ ചിത്രം പതിപ്പിച്ച ഫ്ളെക്സ് ഒരു തെങ്ങിന് സമീപം സ്ഥാപിച്ചപ്പോൾ, ഫ്ളെക്സിലെ തെങ്ങും ഫ്ളക്സ് വച്ച തെങ്ങും ഒരേ രീതിയിൽ വരുന്ന തരത്തിലാണ്  ക്രമപ്പെടുത്തിയത്. എന്തായാലും ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇത്ര കലാപരമായി  ഇതുചെയ്ത് ആ ഫ്ലെക്സേട്ടനെ തിരയുകയാണ് ആരാധകർ.  

സ്വാഭാവികാഭിനയത്തിന്റെ  പുതിയ തലം സമ്മാനിക്കുകയാണ് ഫഹദിന്റെ പ്രകാശൻ എന്നാണ് ഉയരുന്ന അഭിപ്രായം. ഇൗ പ്രകാശം പരക്കും എന്നാണ് ടീസർ കണ്ട പ്രേക്ഷകരുടെയും അഭിപ്രായം.  ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ ലോകത്ത് തരംഗമായിരുന്നു. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഒരു സാധാരണനാട്ടിൻ പുറത്തുകാരന്റെ പരദൂഷണവും ചേഷ്ഠകളുമായി കളം നിറയുകയാണ് ഫഹദ്. ഈ കഥാപാത്രത്തില്‍ സമാനമായ മുന്‍ കഥാപാത്രത്തെ ആവര്‍ത്തിക്കാതിരിക്കാന്‍ ഫഹദ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ടീസര്‍ വ്യക്തമാക്കുന്നുമുണ്ട്. 

‘മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍’ എന്നാണ് സംവിധായകന്‍ ‘പ്രകാശ’നെ വിശേഷിപ്പിച്ചത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.’അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24X7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും.