കേരളത്തിൽ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ലംബോർഗിനി

കേരളത്തിലെ നിക്ഷേപ സാധ്യതകളില്‍ താല്‍പര്യം പ്രകടിപ്പിച്ച് ആഡംബര ബ്രാന്‍ഡായ ടൊനിനോ ലംബോര്‍ഗിനി. ഇലക്ട്രിക് വാഹനങ്ങള്‍, ഹോട്ടല്‍, ആഡംബര പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള സാധ്യതയാണ് തേടുന്നത്. വ്യവസായമന്ത്രി പി.രാജീവ് ടൊനിനോ ലംബോര്‍ഗിനിയുമായി നെടുമ്പാശേരിയില്‍ കൂടിക്കാഴ്ച നടത്തി.

അത്യാഢംബര ബ്രാന്‍ഡായ ടോനിനോ ലംബോര്‍ഗിനി ഗ്രൂപ്പിന്റെ പ്രസിഡന്റ് ടൊനിനോ ലംബോര്‍ഗിനിക്ക് കേരളം നന്നേ പിടിച്ചു. പ്രകൃതി സൗന്ദര്യവും, സാമൂഹിക സാഹചര്യവും വേറെ ലെവലെന്നാണ് പക്ഷം. അതുകൊണ്ടുതന്നെ കേരളത്തിലെ നിക്ഷേപ സാധ്യതകളും പരിഗണനയിലാണ്. ആഢംബര ഉല്‍പന്നങ്ങളുടെ നിര്‍മാണത്തേക്കാളുപരി ബുട്ടീക് ഹോട്ടലുകളും, റിസോര്‍ട്ടുകളുമാണ് ടോനിനോയുടെ മനസില്‍. നിലവില്‍ ഇന്ത്യയിലുള്ള ഇലക്ട്രിക്, ഗോള്‍ഫ് കാര്‍ട്ട് വാഹനങ്ങളുടെ നിര്‍മാണ യൂണിറ്റ് കേരളത്തില്‍ സ്ഥാപിക്കുന്നതും പരിഗണിക്കാമെന്ന് ടൊനിനോ ലംബോര്‍ഗിനി മന്ത്രി പി.രാജീവിനെ അറിയിച്ചു. നിര്‍മാണകേന്ദ്രങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്‍കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. തുടര്‍ ചര്‍ച്ചകള്‍ ഈ വര്‍ഷംതന്നെയുണ്ടാകുമെന്ന് മന്ത്രി.

ലംബോര്‍ഗിനി കമ്പനി സ്ഥാപകന്‍ ഫെറൂചിയോ ലംബോര്‍ഗിനിയുടെ മകനാണ് ടൊനിനോ ലംബോര്‍ഗിനി. മലയാളിയായ സുഹൃത്തിനൊപ്പം അവധിയാഘോഷിക്കാണ് ടോനിനോയും ജീവിത പങ്കാളിയും കേരളത്തിലെത്തിയത്.