കപ്പയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങി പഞ്ചായത്ത്

കപ്പയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിട്ട് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്.ചിപ്രോ കാർഷിക സ്വയം സഹായ സംഘം എന്ന പേരിൽ കർഷകരെ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൻ്റെ പുതിയ ഉദ്യമം. അത്യാധുനിക ഉപകരണങ്ങളടക്കമെത്തിച്ച് ഉല്പാദനം നടത്തിയാണ് വിപുലമായ തുടക്കം.

കപ്പയിൽ നിന്ന് പക്കാവട, ഉപ്പേരി, മധുരസേവ, മുറുക്ക് തുടങ്ങി രുചിയേറുന്ന നിരവധി വിഭവങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കാനാണ് ചിറക്കടവ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുക വഴി കർഷകർക്ക് കൈത്താങ്ങായി മാറുവാൻ കഴിയും എന്ന പ്രതീക്ഷയാണ് പഞ്ചായത്തിന്.ചിപ്രോ എന്ന പേരിൽ കാർഷിക സ്വയം സഹായ സംഘം രൂപീകരിച്ചാണ്  കർഷകരെ കൂടി ഉൾപ്പെടുത്തിയുള്ള പഞ്ചായത്തിൻ്റെ പുതിയ സംരംഭം.തിരുവനന്തപുരം ശ്രീ കാര്യത്തെ ഗവേഷണ കേന്ദ്രത്തിൻ്റെ സാങ്കേതിക സഹായവും ഇതിനായി ലഭ്യമായിട്ടുണ്ട്.

കരസ്പർശമേൽക്കാതെ തന്നെ മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കാനാകുന്ന അത്യാധുനിക ഉപകരണങ്ങളും ഇതിനായി വാങ്ങി. 15 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് പദ്ധതിയ്ക്കായി ചെലവിടുന്നത്.കപ്പയ്ക്ക് പുറമെ ചക്ക, ഏത്തയ്ക്ക എന്നിവയിൽ നിന്നും മൂല്യവർധിത ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.