ഹ്യുണ്ടേയ്ക്ക് പഞ്ച് വെച്ച് ടാറ്റയു‌ടെ തേരോട്ടം; വാഹന വിൽപനയിൽ രണ്ടാം സ്ഥാനം

ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റ മോട്ടേഴ്‌സിന്റെ തേരോട്ടം. ഇക്കഴിഞ്ഞ മെയ് മാസത്തിലെ വാഹന വിൽപന കണക്കുകൾ പ്രകാരം എതിരാളിയായ ഹ്യുണ്ടേയ്‌യെ പിന്തള്ളി ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്ത് എത്തി. ടാറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വിൽപനയാണ് മെയ് മാസത്തിൽ നടന്നിരിക്കുന്നത്. പതുവു പോലെ ഒന്നാം സ്ഥാനം മാരുതിയുടെ കൈകളിൽ ഭദ്രം.

124474 വാഹനങ്ങളുമായി മാരുതിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഹ്യുണ്ടേയ്‌യെ പിന്തള്ളി 43341 യൂണിറ്റ് വിൽപനയുമായാണ് ടാറ്റ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടേയ്‌യുടെ വിൽപന 42293 യൂണിറ്റാണ്. 1048 യൂണിറ്റിന്റെ അധിക വിൽപ്പനയാണ് ടാറ്റയ്ക്ക് ഹ്യുണ്ടേയ്‌ക്കാൾ ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള മാരുതിയാകട്ടെ അതിവേഗം ബഹുദൂരം മുൻപിലുമാണ്. 

കഴിഞ്ഞ വർഷം മേയിൽ 15181 യൂണിറ്റ് വിൽപനയുണ്ടായിരുന്ന ടാറ്റ 185 ശതമാനം വളർച്ച നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം മേയിൽ ഹ്യുണ്ടേയ്‌യുടെ വിൽപന 25001 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളർച്ച 69.2 ശതമാനമാണ്.കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടാം തവണയാണ് ടാറ്റ ഹ്യുണ്ടേയ്‌യെ പിന്നിട്ട് രണ്ടാമതെത്തുന്നത്. ഹ്യുണ്ടേയ്‌യുടെ നിർമാണ ശാല അറ്റകുറ്റപ്പണികൾക്കായി അടച്ചതും ചിപ്പ്ക്ഷാമവുമാണ് വിൽപന കുറയാൻ കാരണം എന്നാണ് കമ്പനിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

2022 മെയ് മാസത്തിൽ മഹീന്ദ്ര 26,904 യൂണിറ്റുകൾ വിറ്റപ്പോൾ കിയ മോട്ടോഴ്‌സ് 18,718 യൂണിറ്റുകളും ടൊയോട്ട 10,216 യൂണിറ്റുകളും ഹോണ്ട കാർസ് 8,188 യൂണിറ്റുകളും വിറ്റു.