ലണ്ടന്‍ ടാക്സി കാറുകള്‍ ഇനി ഇന്ത്യന്‍ നിരത്തിലേക്ക്; പെട്രോളിലും വൈദ്യുതിയിലും ഓടും

ബ്രിട്ടനിലെ വിഖ്യാതമായ ലണ്ടന്‍ ടാക്സി കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കും . പെട്രോളിലും വൈദ്യുതിയിലുമായി പ്രവര്‍ത്തിക്കുന്ന വാഹനം ആഡംബര വാഹന വിതരണക്കാരായ എക്സ്ക്ലുസീവ് മോട്ടോഴ്സാണ് ഇന്ത്യയിലെത്തിക്കുക.

1908 മുതല്‍ ബ്രിട്ടന്‌‍റെ നിരത്തുകളിലെ അഴകാണ് ലണ്ടന്‍ ടാക്സി.  വലിപ്പമേറിയ രൂപവും വിശാലമായ അകത്തളവും പഴമയേറുന്ന ഡിസൈനും ലണ്ടന്‍ ടാക്സിയെ വേറിട്ടുനിര്‍ത്തുന്നു. ബ്രിട്ടീഷ്  രാജകുടുംബങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്ന വാഹനമായി ലണ്ടന്‍ ടാക്സി മാറി. ലണ്ടന്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയാണ് ലണ്ടന്‍ ടാക്സിയുടെ നിര്‍മാതാക്കള്‍. 2013ല്‍  ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലി ലണ്ടന്‍ ഇലക്ട്രിക് വെഹിക്കിളിനെ ഏറ്റെടുത്തു.  അധികം വൈകാതെ  ലണ്ടന്‍ടാക്സി ഇന്ത്യയിലേക്കും എത്തുമെന്നാണ് സൂചനകള്‍. ഹൈബ്രിഡ് മോഡലായ ടിഎക്സ് ആണ് ആദ്യം അവതരിപ്പിക്കുക   .ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ വാഹനം 100 കിലോ മീറ്റര്‍ വരെ സഞ്ചരിക്കും. വൈദ്യുതി തീര്‍ന്നാല്‍  വോള്‍വോയുടെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍   റീ ചാര്‍ജ് ചെയ്യും.ആറ് പേര്‍ക്ക്   സഞ്ചരിക്കാം. അലുമിനിയം ബോണ്ടിംഗ് സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വാഹനത്തിന്‍റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വാഹനത്തിന്‍റെ ഇന്ധനക്ഷമത കൂട്ടുന്നു