കോവിഡ് ബാധിക്കാത്ത ഓഹരിവിപണി

രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞുവീശിയെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികള്‍ പുതിയ ഉയരങ്ങളിലെത്തുകയാണ് ചെയ്തത്. എല്ലാ മേഖലകളും പ്രതിസന്ധി നേരിടുമ്പോള്‍ ഓഹരിവിപണികളെ എന്തുകൊണ്ടാണ് അത് ബാധിക്കാത്തത്?

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പോലെ കടുത്ത നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടായില്ല എന്നുളളതാണ് വിപണികള്‍ക്ക് ഏറെ ആശ്വാസമായത്. സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ ആണ് പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഉദാഹരണത്തിന് നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോക്ഡൗണില്‍ ബാധിക്കപ്പെടാതിരിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണവും തടസംകൂടാതെ പുരോഗമിക്കുന്നു. കൃഷി അനുബന്ധ സാമ്പത്തിക ഇടപാടുകളും സുഗമമായി നടക്കുന്നു. ലോക്ഡൗണ്‍ ബാധിക്കാതെ ഐടി കമ്പനികളും മികച്ച ലാഭമുണ്ടാക്കുന്നുണ്ട്. ലോഹകമ്പനികള്‍ക്ക് റെക്കോര്‍ഡ് ലാഭമാണ് ഇത്തവണ ഉണ്ടായത്.

എന്നാല്‍ ചില്ലറ വ്യാപാര മേഖല,വിനോദ വ്യവസായങ്ങള്‍, ഗതാഗതം എന്നീ മേഖലകള്‍ക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ട്. വാഹന മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി ലോക്ഡൗണ്‍ മാറുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക നഷ്ടത്തിന്‍റെ തോത് ഇത്തവണ കുറവായിരിക്കും.

വാക്സിനേഷന്‍ പുരോഗമിക്കുന്നതും ഓഹരി വിപണികള്‍ക്ക് കരുത്തേകുന്നു. ജൂലൈ മാസത്തോടെ വാക്സീന്‍ ലഭ്യത കൂടുമെന്നാണ് പ്രതീക്ഷ. മൂന്നാം തരംഗത്തിന് മുന്‍പ് പരമാവധി പേര്‍ക്ക് വാക്സീന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത മാസത്തോടെ പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്സീന്‍ നല്‍കാനാണ് പദ്ധതി. പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികളും അവരുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്സീന്‍ നല്‍കുന്നുണ്ട്.

നാണ്യപ്പെരുപ്പം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുന്ന റിസര്‍വ് ബാങ്ക് അക്കമഡേറ്റീവ് പണനയം ആണ് സ്വീകരിക്കുന്നത്. പലിശ നിരക്ക് കഴിഞ്ഞ ഒരു വര്‍ഷമായി താഴേക്കാണ്. കടം എടുക്കുന്നതിനുള്ള ചെലവ് കുറഞ്ഞത് പുതിയ നിക്ഷേപം നടത്തുന്നവര്‍ക്ക് ഏറെ ഗുണകരമാണ്. ഭവനവായ്പ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്.

ഇതെല്ലാം വിപണികള്‍ക്ക് അനുകൂലമായിട്ടുണ്ട്. കോവിഡിന് മുന്‍പുളള വിപണിയേക്കാള്‍ 25 ശതമാനം ഉയര്‍ന്നാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കൂടുതല്‍ നേട്ടം കൈവരിക്കാനുളള സാധ്യതകള്‍ വിപണിയിലുണ്ട്. നാണ്യപ്പെരുപ്പം, പലിശ നിരക്ക് എന്നിവാണ് വിപണികളെ സംബന്ധിച്ച് നിര്‍ണായകമായിട്ടുള്ളത്. ഇവ വര്‍ധിച്ചാല്‍ അത് വിപണികളെ ബാധിക്കും