വാട്സാപ്പിന് പകരം ഉപയോഗിക്കാവുന്ന അഞ്ച് ആപ്പുകൾ ഇതാ

ആളേറെ കൊഴിഞ്ഞുപോയിട്ടും ഫെയ്സ്ബുക്കുമായി സ്വകാര്യത പങ്കുവെക്കുമെന്ന നിലപാടിൽ ഉറച്ചുതന്നെയാണ് വാട്സാപ്പ് നിൽക്കുന്നത്. സ്വകാര്യത നഷ്ടപ്പെടുമെന്ന വേവലാതിയുണ്ടെങ്കിൽ പകരക്കാരായ ഈ അഞ്ച് ആപ്പുകളെ ആശ്രയിക്കാം.

ഒന്ന്: പകരക്കാരിൽ സിഗ്നൽ തന്നെയാണ് മുൻഗണനാപ്പട്ടികയിൽ ഒന്നാമത്. ഫോൺ നമ്പർ മാത്രം വെരിഫിക്കേഷന് ആവശ്യമുളള സിഗ്നൽ താരതമ്യേന മറ്റ് ആപ്പുകളെ വെച്ച് സൂരക്ഷിതമാണെന്നാണ് കണ്ടെത്തൽ. സിഗ്നൽ ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹായത്തോടെയാണ് വാട്സാപ്പിലും മെസഞ്ചറിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെക്നോളജി വന്നത്.സ്ക്രീൻ–ബയോമെട്രിക് ലോക്ക് എന്നീ സംവിധാനങ്ങൾക്കു പുറമെ ബാക്ക്അപ്പ്, കോൾ, ഗ്രൂപ്പ് കോൾ എന്നിവയ്ക്ക് എൻക്രിപ്ഷനുമുണ്ട്. സിഗ്നൽ ആൻഡ്രോയിഡിലും ആപ്പിളിലും ലഭ്യമാണ്.

രണ്ട്: സിഗ്നലോളം തന്നെ വാട്സാപ്പിന് പകരമായി പലരും കണ്ടുവെച്ചിരിക്കുന്ന ആപ്പാണ് ടെലഗ്രാം. പത്തുവർഷമായി ഇവിടെ ഉണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാതെ പോയ ടെലഗ്രാമിലും വാട്സാപ്പിലെ എല്ലാ സംവിധാനങ്ങളുമുണ്ട്. ഇതു കൂടാതെ ഒരു ലക്ഷം പേരടങ്ങുന്ന ഗ്രൂപ്പുകളും ഒന്നര ഗിഗാബൈറ്റോളം വരുന്ന ഡേറ്റയും കൈമാറാവുന്നതാണ്. ടെലഗ്രാം ആൻഡ്രോയിഡിലും ആപ്പിളിലും വിൻഡോസ് ഫോണിലും ലിനക്സിലുമെല്ലാം ലഭ്യമാണ്.

മൂന്ന്: ഡിസ്കോർഡാണ് മറ്റൊരു പകരക്കാരൻ. ചാറ്റുകൾക്കും വിഡിയോ–വോയ്സ് കോളുകൾക്കും ഈ ആപ്പ് ഉപയോഗിക്കാം. ഫോട്ടോകൾ, രേഖകൾ എന്നിവയും അയക്കാം. വിൻഡോസ്, വെബ്, ലിനക്സ്, ആൻഡ്രോയിഡ്, ആപ്പിൾ ഡിവൈസുകളിൽ ലഭ്യം.

നാല്: വാട്സാപ്പിന് പകരമായി ഉപയോഗിക്കാവുന്ന ആപ്പാണ് വൈബർ. പല ഡിവൈസുകളിലുളള ഡേറ്റ സൂക്ഷിക്കാന്‍ വൈബറിന് സാധിക്കും. വൈബർ ഉപഭോക്താക്കളല്ലാത്തവരുമായി കുറഞ്ഞ നിരക്കിൽ രാജ്യാന്തര കോളുകൾ നടത്താനും ആപ്പ് സഹായകരമാണ്.

അഞ്ച്: ഓഫ്‍ലൈനായും പ്രവർത്തിക്കുന്ന ആപ്പാണ് ബ്രിഡ്ജ്ഫൈ. ഇൻറർനെറ്റില്ലാത്തപ്പോൾ ബ്ലൂടൂത്ത് കണക്ടിവിറ്റി ആവശ്യം. പേഴ്സൺ ടു പേഴ്സൺ, ബ്രോഡ്കാസ്റ്റ്, മെഷ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ചാറ്റുകൾക്കുളളത്. നിശ്ചിത അകലത്തിലുളള കൂട്ടുകാർക്ക് മാത്രമേ ഈ ആപ്പ് വഴി മെസേജ് അയക്കാനാകൂ.