വില കുറച്ച് മത്സരം; ഒരു കിലോ കോഴിക്ക് 50 രൂപയും ഇറച്ചിക്ക് 80 രൂപയും; വന്‍തിരക്ക്

എടക്കര(മലപ്പുറം): കച്ചവടക്കാർ തമ്മിലുള്ള മത്സരത്തെ തുടർന്ന് വില കുറച്ച് വിൽക്കാൻ തുടങ്ങിയതോടെ കോഴിക്കടയിൽ വൻതിരക്ക്. ഒരു കിലോ കോഴിക്ക് 50 രൂപയും കോഴി ഇറച്ചിക്ക് 80 രൂപയും ആയി കുറച്ചാണ് വിൽപന.  ജില്ലയിൽ മറ്റിടങ്ങളിൽ കോഴിക്ക് 80 രൂപയും കോഴി ഇറച്ചിക്ക് 120 രൂപയുമാണ് വില. എടക്കര ടൗണിലെ കച്ചവടക്കാരാണ് വില കുറച്ച് മത്സരിക്കുന്നത്. ഇതോടെ സമീപ പ്രദേശങ്ങളിൽനിന്നുളളവരും ഇറച്ചി വാങ്ങാനെത്തിയപ്പോൾ കോഴിക്കടളിൽ‍ തിരക്കായി.

വെള്ളിയാഴ്ച മുസല്യാരങ്ങാടിയിലെ കടയിലാണ് ആദ്യം വില കുറച്ചത്. ഇന്നലെ വില്ലേജ് ഓഫിസിന് സമീപത്തെ കടയിലും വില കുറച്ചു. ഇതോടെ ടൗണിലെ മറ്റു കച്ചവടക്കാർക്കും വില കുറയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു.  സംഘടനാ തലത്തിൽ വില ഏകീകരണം ഉണ്ടെങ്കിലും ചില കച്ചവടക്കാർ കുറച്ച് വിൽക്കാൻ തുടങ്ങിയതാണ് വാശിക്കും മത്സരത്തിനും കാരണമായത്. വില കുറച്ച് വിൽക്കുന്നതിലൂടെ നഷ്ടമാണെന്ന് കച്ചവടക്കാ‍ർ തന്നെ സമ്മതിക്കുന്നു. എന്നാൽ, നാട്ടുകാർക്ക് ഇത് ഗുണമായിരിക്കുകയാണ്.