റിസർവ് ബാങ്ക് പുതിയ വായ്‌പ നയം; ഭവന-വാഹന വായ്‌പ പലിശ നിരക്കുകൾ കുറയും

റിസർവ് ബാങ്ക് പുതിയ വായ്‌പ നയം പ്രഖ്യാപിച്ചു. റീപോ നിരക്ക് കാൽ ശതമാനം കുറച്ച് 5.15 ശതമാനമാക്കി. ഇതോടെ ഭവന വാഹന വായ്‌പ പലിശ നിരക്കുകൾ കുറയും.

നാണ്യപെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിൽ തുടരുന്നതും, സാമ്പത്തിക വളർച്ച കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ആണ് ആർബിഐ പലിശ വീണ്ടും കുറിച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകൾ ആർബിഐയിൽ നിന്നും എടുക്കുന്ന വായ്പക്ക് നൽകുന്ന പലിശ നിരക്കായ റീപോ കാൽ ശതമാനം കുറച്ച് 5.15% ആക്കി. കഴിഞ്ഞ 9 വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. ഈ വർഷം ഇത് വരെ പലിശ നിരക്കിൽ 1.35% കുറവാണ് വരുത്തിയത്.പണ നയ സമിതിയിലെ അംഗങ്ങൾ എല്ലാം പലിശയിൽ  കാൽ ശതമാനം കുറവ് വരുത്തുന്നതിനെ അനുകൂലിച്ചു. ഈ വർഷം വീണ്ടും പലിശയിൽ കുറവ് വരുത്താനുള്ള സാധ്യത ഉണ്ട്. അതെ സമയം രാജ്യത്തിന്റെ ജിഡിപി വളർച്ച  അനുമാനം ആർബിഐ  വെട്ടിക്കുറച്ചു. 

ഈ സാമ്പത്തിക വർഷം ജിഡിപി 6.1% മാത്രമേ ഉണ്ടാകൂ എന്ന് ആർബിഐ വ്യക്തമാക്കി. നേരത്തെ ജിഡിപി  6.9% ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.ബാങ്കുകൾക്ക് കൂടുതൽ പണ ലഭ്യത ഉറപ്പുവരുത്താൻ ഒറ്റ ദിന വായ്പയായ മാർജിനൽ സ്റ്റാന്റിംഗ് ഫെസിലിറ്റി നിരക്ക് 5.4% ആയി കുറച്ചിട്ടുണ്ട്.