എടിഎമ്മുകളും ശാഖകളും വെട്ടിച്ചുരുക്കി പൊതുമേഖലാ ബാങ്കുകൾ; പ്രതിസന്ധി

പൊതുമേഖലാ ബാങ്കുകള്‍ ശാഖകളുടേയും എടിഎമ്മുകളുടെയും എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ 5,500 എടിഎമ്മുകളും 600 ശാഖകളും  പൂട്ടി. സ്വകാര്യ ബാങ്കുകള്‍ ശാഖകളുടേയും എടിഎമ്മുകളുടെയും എണ്ണം വര്‍ധിപ്പിക്കുകയും പൊതു മേഖലാ ബാങ്കുകള്‍ അവ വെട്ടിക്കുറക്കുകയും ചെയ്യുന്ന പ്രവണതയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായത്.

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതിനാലാണ് ശാഖകളുടേയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം നിര്‍ത്തുന്നതെന്നാണ് പൊതുമേഖലാ ബാങ്കുകള്‍ പറയുന്നത്. പ്രധാനമായും പട്ടണങ്ങളിലുളള എടിഎമ്മുകളും ശാഖകളുമാണ് പൂട്ടുന്നത്.2018 ജൂണിനും 2019നും ഇടയില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 420 ശാഖകളും 768 എടിഎമ്മുകളുമാണ് അടച്ചുപൂട്ടിയത്. 

ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളും ചേര്‍ന്ന് 40 ശാഖകളും 274 എടിഎമ്മുകളും നിര്‍ത്തലാക്കി.പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ബാങ്ക്,കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡ്യന്‍ ഓവര്‍ സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയും നിരവധി എടിഎമ്മുകളും ശാഖകളും അടച്ചുപൂട്ടി. പ്രവര്ഡത്തന ചിലവ് കുറച്ച് ലാഭം കൂട്ടാനുളള ശ്രമങ്ങളുടെ ഭാഗമായാണിതെന്നാണ് സൂചന.അതേ സമയം ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ എടിഎമ്മുകളുടെയേും ശാഖകളുടെയും എണ്ണം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നിരവധി സ്വകാര്യ ബാങ്കുകളും അവരുടെ പ്രവര്‍ത്തന ശൃംഖല വിപുലീകരിച്ചു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകളും പ്രവര്‍ത്തനം വിപുലീകരിച്ചു.