ഇന്‍ഡിഗോയുടെ തലപ്പത്തെ അധികാരത്തര്‍ക്കം; കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ഇടപെടുന്നു

പ്രമുഖ വ്യോമയാന കമ്പനിയായ ഇന്‍ഡിഗോയുടെ തലപ്പത്തെ അധികാരത്തര്‍ക്കത്തില്‍ കോര്‍പ്പറേറ്റ്കാര്യ  മന്ത്രാലയം ഇടപെടുന്നു 3 ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്

ഇന്‍റര്‍ഗ്ലോബ് ഏവിയേഷനിലെ ഭരണനിര്‍വഹണത്തില്‍ പാളിച്ചയുളളതായി ഉടമകളിലൊരാളായ രാകേഷ് ഗാംഗ്‍വാള്‍ പരാതി ഉന്നയിച്ചിരുന്നു. സഹ സ്ഥാപകനായ രാഹുല്‍ ഭാട്ടിയക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഗാംഗ്‍വാള്‍ ഉന്നയിച്ചത് . കമ്പനിയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടെന്നായിരുന്നു പ്രധാന ആരോപണം.  ഇതേ തുടര്‍ന്ന് സെബി കമ്പനിയോട് വിശദീകരണം തേടി.ഇതിന് പിന്നാലെയാണ്കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം കൂടി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. 3 ആഴ്ചയ്ക്കുള്ളില്‍ വിശദീകാരണം നല്‍കാനാണ് ഇന്‍റര്‍ഗ്ലോബ് ഏവിയേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിച്ച ഏണസ്റ്റ് & യംഗ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബി നിര്‍ദേശിച്ചിരുന്നു. 2005ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഡിഗോയാണ് രാജ്യത്തെ വ്യോമയാന മേഖലയുടെ 40 ശതമാനം കൈകാര്യം ചെയ്യുന്നത്. കമ്പനിയില്‍ രാഹുല്‍ ഭാട്ടിയയ്ക്ക് 38 ശതമാനം ഓഹരിയും  രാകേഷ് ഗാംഗ്‍വാളിന് 36 ശതമാനം ഓഹരിയുമുണ്ട്.