പ്രതിബന്ധങ്ങളുണ്ട്; സാമ്പത്തികനയ മാറ്റങ്ങൾ കരുതലോടെയെന്ന് യുഎസ്

അമേരിക്കന്‍ സാമ്പത്തിക നയത്തിലെ ഭാവി മാറ്റങ്ങള്‍ അവധാനതയോടെ മാത്രമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍. അമേരിക്കന്‍ കോണ്‍ഗ്രസിനെയാണ് ജെറോം പവല്‍ ഇക്കാര്യമറിയിച്ചത്. ലഭ്യമാകുന്ന ഡാറ്റകള്‍ അനുസരിച്ച് മാത്രമേ തുടര്‍ന്നും നയങ്ങള്‍ സ്വീകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.  

ചൈനയുമായുള്ള വ്യാപാര യുദ്ധമുള്‍പ്പെടെ, ആഗോള സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ജെറോം പവലിന്റെ പ്രസ്താവന. സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്ന പലിശനിരക്ക് രണ്ടേകാല്‍ മുതല്‍ രണ്ടര ശതമാനം വരെയാണ്. സാമ്പത്തിക മാറ്റങ്ങള്‍ക്കനുസരിച്ച് ഈ നിരക്കില്‍ വ്യത്യാസം വന്നേക്കാം. ട്രഷറിയിലെയും ഏജന്‍സി സെക്യൂരിറ്റികളിലെയും പങ്കാളിത്തം കുറച്ച് ബാലന്‍സ് ഷീറ്റ് ലഘൂകരിക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വിന്റെ ആകെ സ്വത്തില്‍ മുപ്പത്തോരായിരം കോടി ഡോളറിന്റെ കുറവ് വന്നിട്ടുണ്ട്. 

ഏകദേശം നാല് ലക്ഷം ലക്ഷം കോടി ഡോളറിനടുത്താണ് നിലവിലെ സ്വത്ത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം മികച്ചതാണെന്ന് ജെറോം പവല്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തരോല്‍പാദനം മൂന്നുശതമാനത്തിനടുത്തെത്തുമെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. നാണ്യപ്പെരുപ്പം ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ പോയിന്റ് മൂന്നു ശതമാനം കുറഞ്ഞ് 1.7 ശതമാനമാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മികച്ച നേട്ടമാണ് കൈവരിച്ചത്. അതേസമയം, മുന്നോട്ടുള്ള യാത്രയില്‍ പ്രതിബന്ധങ്ങള്‍ നിരവധിയാണെന്ന് പവല്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു. ഉല്‍പാദനക്ഷമത ഏറ്റവും താഴ്ന്ന നിലയിലാണ്. ഉല്‍പാദനപ്രക്രിയയില്‍ യുവത്വത്തിന്റെ പങ്കാളിത്തം, മറ്റു വികസിത സമ്പദ്‌വ്യവസ്ഥകളേക്കാള്‍ തുലോം കുറവാണെന്നും പവല്‍ പറഞ്ഞു.