തമിഴ്നാട്ടിൽ വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വേകി ആഗോള നിക്ഷേപക സംഗമം

തമിഴ്നാടിന്‍റെ വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വേകി ആഗോള നിക്ഷേപക സംഗമം. ചെന്നൈയില്‍ രണ്ട് ദിവസമായി നടന്ന സംഗമത്തില്‍ മൂന്ന് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപത്തിനാണ് ധാരണയായിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നടക്കം അയ്യായിരത്തിലേറെ പ്രതിനിധികളാണ് ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. തമിഴ്നാടിന്‍റെ അനുകൂലമായ വ്യവസായികാന്തരീക്ഷം ഉപയോഗപ്പെടുത്തുകയാണ് നിക്ഷേപരുടെ ലക്ഷ്യം.  2016 ല്‍ നടന്ന ആദ്യ സംഗമത്തില്‍ രണ്ടേകാല്‍ ലക്ഷം കോടിയുടെ നിക്ഷേപത്തിനാണ് ധാരണയായിരുന്നത്. ഇത്തവണ രണ്ടര ലക്ഷം കോടിയുടെ നിക്ഷേപമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ലോജിസ്റ്റിക്സ്, വ്യവസായ പാര്‍ക്ക്, ഇന്ധന വിതരണം തുടങ്ങിയ മേഖലകളിലായി പന്ത്രണ്ടായിരം കോടി നിക്ഷേപിക്കാന്‍ ആദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സേലം , കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വീടുകളിലേക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പദ്ധതിക്കായി പതിനാറായിരത്തിലധികം കോടിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാറ്റിവെക്കുന്നത്. ചെന്നൈയില്‍ നിന്ന് ജപ്പാനിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് അറിയിച്ചു. ഹ്യൂണ്ടായിയുടെ ഇലക്ട്രോണിക് കാര്‍  ശ്രീപെരുപുത്തൂരിലെ പ്ലാന്‍റില്‍ നിര്‍മിക്കും. ടെക്സ്റ്റയില്‍ വ്യവസായത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി. അമേരിക്ക, ജര്‍മനി, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇത്തവണ  കൂടുതല്‍ നിക്ഷേപമുണ്ടായെന്നാണ് വിലയിരുത്തല്‍.. എം.ആര്‍.എഫ് അടക്കമുള്ള കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തും. എയറോസ്പേസ് , പ്രതിരോധ വ്യവസായ മേഖലകളില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നയം കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനാണ് പ്രകാശനം ചെയ്തത്.

കഴിഞ്ഞ നിക്ഷേപക സംഗമത്തില്‍ ഒപ്പുവച്ച തൊണ്ണൂറ്റിയെട്ട് ധാരണാ പത്രങ്ങളില്‍ 40 ശതമാനം പദ്ധതികളും പൂര്‍ത്തിയായി. ബാക്കി, അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നടപ്പാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.