തെരേസ മെയുടെ കരാ‍ര്‍ പാര്‍ലമെന്‍റ് തള്ളി; പൗണ്ടിന്‍റെ മൂല്യമുയര്‍ന്നു

തെരേസ മെയുടെ കരാ‍ര്‍ പാര്‍ലമെന്‍റ് തള്ളിയത് പൗണ്ടിന്‍റെ മൂല്യമുയര്‍ത്തി. ഇന്നലെ ഒരു ശതമാനം താഴ്ന്ന മൂല്യം ഇന്ന്  പോയന്‍റ് എട്ടു ശതമാനം ഉയര്‍ന്നു. ബ്രെക്സിറ്റ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥ മൂലം പോയവര്‍ഷം ബ്രിട്ടിഷ് കറന്‍സിയുടെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. അതേസമയം, ലോകത്തെ അഞ്ചാമത്തെ വന്‍ സാമ്പത്തിക ശക്തിയുടെ ഭാവി ആഗോളവിപണി ഉത്കണ്ഠയോടെയാണ് നോക്കുന്നത്.

ബ്രിട്ടന്‍റെ വാണിജ്യ വ്യാപരമേഖലകള്‍ക്ക് ദോഷകരമായ നിരവധി വ്യവസ്ഥകളുണ്ടായിരുന്ന ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്‍റ് തള്ളിയത് ആശ്വാസത്തോടെയാണ് വിപണി നോക്കിക്കണ്ടത്. പൗണ്ടിന്‍റെ മൂല്യം മുകളിലേക്ക് പോയിത്തുടങ്ങി.  പ്രധാനമന്ത്രി പരജായപ്പെടുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി കിട്ടുമെന്ന് വിപണിയും പ്രതീക്ഷിച്ചില്ല.  അതേസമയം ബ്രെക്സിറ്റില്‍ ഇനിയെന്ത് എന്നത് വാണിജ്യമേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്. മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്താകും. യൂറോപ്പിനെ പ്രധാനകേന്ദ്രമാക്കിയ വന്‍കിട കമ്പനികളെല്ലാം ഉത്കണ്ഠയിലാണ്. 

ലണ്ടന്‍ ഇടപാടുകളുടെ ഭാവിയെന്താവുമെന്നതില്‍ വ്യക്തതയില്ലാത്തതാണ് കാരണം. യൂണിയന് പുറത്താകുന്ന ബ്രിട്ടനുമായി പുതിയ വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കേണ്ടിയും വരും.  ഇത് നിക്ഷേപകരെ തല്‍ക്കാലം അകറ്റിനിര്‍ത്തിയേക്കും. ഇനി, ഉടമ്പടിയില്ലാത്ത പിന്‍മാറ്റം അഥവാ "നോ ഡീല്‍ " ബ്രെക്സിറ്റിലേക്കാണ് പോകുന്നതെങ്കില്‍ ഭക്ഷ്യ, ആരോഗ്യ മേഖലകളെയെല്ലാം അത് ബാധിക്കും. ബ്രിട്ടനിലുണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യം ആഗോളസാമ്പത്തിക വളര്‍ച്ചയ്ക്കും വെല്ലുവിളിയാണ്.