പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തി റിസര്‍വ് ബാങ്കിന്റെ വായ്പനയം

പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തി റിസര്‍വ് ബാങ്കിന്റെ വായ്പനയം. റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകള്‍ അതേപടി തുടരും. അതിനിടെ, ഐഎല്‍ ആന്‍ഡ് എഫ് എസ് പ്രതിസന്ധിയെത്തുടര്‍ന്ന്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. 

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റീപോ നിരക്ക് ആറര ശതമാനമായി നിലനിര്‍ത്തി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശയായ റിവേഴ്സ് റീപോ ആറേകാല്‍ ശതമാനമായും തുടരും. രൂപയുടെ മൂല്യമിടിയുന്ന സാഹചര്യത്തില്‍ പലിശ കാല്‍ശതമാനമെങ്കിലും കൂട്ടുമെന്നായിരുന്ന പൊതുവെയുള്ള പ്രതീക്ഷ. എന്നാല്‍ നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ നിരക്കുുകള്‍ കൂട്ടേണ്ടെന്ന് വായ്പനയ അവലോകന സമിതി തീരുമാനിക്കുകയായിരുന്നു. സമിതിയുടെ വിലയിരുത്തലുകള്‍ ഇവയാണ്. കാര്‍ഷിക വിളകളുടെ താങ്ങുവില ഉയര്‍ത്തിയതുമൂലം ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടാകുന്ന മാറ്റം ഇപ്പോള്‍ പ്രവചിക്കാനാകില്ല. വികസ്വര വിപണികളുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ ഭാവി വ്യക്തമല്ല. ഭക്ഷ്യോല്‍പന്നങ്ങളുടെ വില നിയന്ത്രണവിധേയം. രൂപയുടെ മൂല്യത്തില്‍ പ്രത്യേകിച്ച് നിലവാരമൊന്നും നിശ്ചയിച്ചിട്ടില്ല. മറ്റു വികസ്വര വിപണികളുടെ കറന്‍സിയെ അപേക്ഷിച്ച് രൂപയുടെ ഇടിവ് തുലോം കുറവാണ്. അടുത്ത 10 മാസത്തെ ഇറക്കുമതിക്കുള്ള വിദേശ നാണ്യ ശേഖരം രാജ്യത്തുണ്ട്. 

കഴിഞ്ഞ രണ്ട് അവലോകനങ്ങളിലൂടെ റീപ്പോ നിരക്കില്‍ അരശതമാനത്തിന്റെ വര്‍ധന റിസര്‍വ് ബാങ്ക് വരുത്തിയിരുന്നു. തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചതോടെ വായ്പാ പലിശകള്‍ ഉയരില്ലെന്ന് ഉറപ്പായി. അതിനിടെ, രാജ്യത്തെ ആയിരത്തി അഞ്ഞൂറോളം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍സവീസസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, മതിയായ മൂലധനമില്ലാത്ത ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് വിദഗ്ധര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നു.